കേരളം
കൃത്യമായി നികുതി അടച്ചു; പൃഥ്വിരാജിന്റെ നിർമാണ കമ്പനിക്ക് കേന്ദ്ര അംഗീകാരം
കൃത്യമായി നികുതി അടച്ചതിന് നടൻ പൃഥ്വിരാജിന്റെ നിർമാണ കമ്പനിക്ക് കേന്ദ്ര ഗവൺമെന്റിന്റെ അംഗീകാരം. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ കീഴിൽ വരുന്ന സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സ് ആണ് പൃഥ്വിരാജ് പ്രൊഡക്ഷൻസിന് സർട്ടിഫിക്കറ്റ് നൽകിയത്. പൃഥ്വിരാജ് പ്രൊഡക്ഷന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ സർട്ടിഫിക്കറ്റ് പങ്കുവെക്കുകയും ചെയ്തു. കേന്ദ്ര ധനമന്ത്രാലയത്തിന് നന്ദി അറിയിക്കുകയും ചെയ്തു.
2022–23 സാമ്പത്തിക വർഷത്തിലെ നികുതി അടവുമായി ബന്ധപ്പെട്ടാണ് പൃഥ്വിരാജ് പ്രൊഡക്ഷൻസിന് കേന്ദ്ര അംഗീകാരം ലഭിച്ചത്. അടുത്തിടെ നികുതി അടക്കാത്തതിന് പൃഥ്വിരാജിന്റെ വീട്ടിലും ഓഫിസിലും ഇൻകം ടാക്സ് റെയ്ഡ് നടന്നു എന്ന തരത്തിൽ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചിരുന്നു. പിന്നാലെ അപകീർത്തികരമായ വാർത്ത കൊടുത്ത ഓൺലൈൻ മാധ്യമത്തിനെതിരെ നിയമനടപടി സ്വീകരിക്കുകയാണെന്ന് താരം അറിയിച്ചിരുന്നു.
ഇന്ന് മലയാളത്തിലെ ഏറ്റവും ശക്തമായ നിർമാണ കമ്പനിയാണ് പൃഥ്വിരാജ് പ്രൊഡക്ഷൻ. 2019-ൽ 9 എന്ന ചിത്രം നിർമിച്ചുകൊണ്ടാണ് പൃഥ്വിരാജ് പ്രൊഡക്ഷൻസ് ചലച്ചിത്ര നിർമാണ മേഖലയിലേക്ക് കാലെടുത്തുവച്ചത്. തുടർന്ന് കുരുതി, ജനഗണ മന, കുമാരി, ഗോൾഡ്, സെൽഫി തുടങ്ങിയ ചിത്രങ്ങൾ നിർമിച്ചു. അടുത്തിടെ ഹിന്ദിയിലേക്കും ചുവടുവച്ചിരുന്നു. ഡ്രൈവിങ് ലൈസൻസിന്റെ ഹിന്ദി പതിപ്പായ സെൽഫിയിൽ നിർമാണ പങ്കാളിയായിരുന്നു പൃഥ്വിരാജ്. കൂടാതെ വിതരണ രംഗത്തും ശക്തമായ സാന്നിധ്യമാണ്. പൃഥ്വിരാജും ബേസിൽ ജോസഫും പ്രധാന വേഷങ്ങളിലെത്തുന്ന വിപിൻദാസ് ചിത്രം ഗുരുവായൂരമ്പല നടയിൽ ആണ് പൃഥ്വിരാജ് പ്രൊഡക്ഷൻസ് നിർമിക്കുന്ന പുതിയ ചിത്രം.