കേരളം
ആശ്വാസത്തില്‍ ബത്തേരി; നാട്ടില്‍ ഭീതി വിതച്ച കാട്ടാന പിഎം2വിനെ മയക്കുവെടിവെച്ചു വീഴ്ത്തി
ബത്തേരി നഗരപ്രദേശത്ത് ഭീതിവിതച്ച കാട്ടാനയെ ദൗത്യസംഘം മയക്കുവെടിവെച്ചു. ഇന്ന് രാവിലെ തിരച്ചിലിന് ഇറങ്ങിയ ദൗത്യസംഘം കുപ്പാടി വനമേഖലയില്‍ വച്ചാണ് കാട്ടാന പിഎം 2വിനെ മയക്കുവെടിവെച്ചത്. അപകടകാരിയായി നഗരത്തിനടുത്ത വനത്തില്‍ വിഹരിച്ച കാട്ടാനയെ മുത്തങ്ങയിലെ ആനപ്പന്തിയിലേക്ക് മാറ്റുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു
ശനി വൈകിട്ട് നാലിനാണ് വൈല്‍ഡ്ലൈഫ് പ്രിന്‍സിപ്പല്‍ സിസിഎഫ് ഗംഗാസിങ് കാട്ടാനയെ മയക്കുവെടി വയ്ക്കാന്‍ ഉത്തരവിട്ടത്. തമിഴ്നാട് നീലഗിരി ജില്ലയിലെ ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളിലെ ജനവാസ കേന്ദ്രങ്ങളിലിറങ്ങി നാശനഷ്ടങ്ങള്‍ വരുത്തിയ മോഴയാന വെള്ളി പുലര്‍ച്ചെ രണ്ടരക്കാണ് ബത്തേരി നഗരമധ്യത്തിലെത്തി മണിക്കൂറുകളോളം ഭീതിവിതച്ചത്. നഗരത്തില്‍ കാല്‍നടയായി സഞ്ചരിച്ച പള്ളിക്കണ്ടി സ്വദേശി സുബൈറിനെ ആന തുമ്പിക്കൈയില്‍ തൂക്കിയെറിഞ്ഞു പരിക്കേല്‍പ്പിച്ചു. നാട്ടുകാരും വനം ജീവനക്കാരും ഏറെനേരം പരിശ്രമിച്ചാണ് ആനയെ നഗരത്തില്‍നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള കട്ടയാട് വനത്തിലേക്ക് തുരത്തിയത്.
തമിഴ്നാട്ടില്‍ ഏതാനു പേരെ കൊലപ്പടുത്തുകയും പരിക്കേല്‍പ്പിക്കുകയും നൂറോളം വീടുകളും കടകളും തകര്‍ക്കുകയും ചെയ്ത മോഴയാനയെ വനം വകുപ്പ് മയക്കുവെടിവച്ച് പടികൂടി റേഡിയോ കോളര്‍ പിടിപ്പിച്ചാണ് ഒന്നരമാസം മുമ്പ് മുതുമല വനത്തില്‍ വിട്ടത്. തമിഴ്നാട് വനം വകുപ്പ് പി എം രണ്ട് എന്ന് പേരിട്ട് ആനയുടെ സഞ്ചാരപഥം നിരീക്ഷിച്ചു വരികയായിരുന്നു. നൂറ്റമ്പതിലധികം കിലോമീറ്റര്‍ സഞ്ചരിച്ചാണ് ആന ബത്തേരിയില്‍ എത്തിയത്. മനുഷ്യരെ കണ്ടാല്‍ അക്രമകാരിയായി മാറുന്ന കൊമ്പന്‍ ഗൂഡല്ലൂര്‍ മേഖലയില്‍ അരസിരാജന്‍ എന്ന പേരിലാണ് അറിയപ്പെട്ടത്.