ദേശീയം
തമിഴ്നാട്ടിലും നിപ സ്ഥിരീകരിച്ചു
തമിഴ്നാട്ടിലും നിപ സ്ഥിരീകരിച്ചു. കോയമ്പത്തൂർ ജില്ലയിലുള്ള ആൾക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ജില്ലാ കലക്ടർ ജിഎസ് സമീരൻ പറഞ്ഞു. കഴിഞ്ഞ ദിവസം പനിയെ തുടർന്ന് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച ആൾക്കാണ് രോഗബാധ.
രോഗം പടരാതിരിക്കാൻ എല്ലാ തയ്യാറെടുപ്പുകളും സ്വീകരിച്ചതായി ജില്ലാ കലക്ടർ പറഞ്ഞു. ഇന്നലെ കേരളത്തിൽ 12 വയസുകാരൻ നിപയെ തുടർന്ന് മരിച്ചിരുന്നു. കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം സ്വദേശിയാണ് മരിച്ചത്.
ഇതേ തുടർന്ന് കേന്ദ്രസംഘം ഇന്നലെ സ്ഥലത്ത് സന്ദർശനം നടത്തി. രോഗബാധ റിപ്പോർട്ട് ചെയ്ത സ്ഥലത്തും സമീപ പ്രദേശത്തും ദുരന്തനിവാരണ നിയമപ്രകാരം ജില്ല കലക്ടർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്.
വൈറസ് ബാധ റിപ്പോർട്ട് ചെയ്ത ചാത്തമംഗലം ഗ്രാമപഞ്ചായത്ത് മുഴുവനായും മുക്കം മുനിസിപ്പാലിറ്റി, കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലെ ചാത്തമംഗലം പഞ്ചായത്തിനോട് ചേർന്നുകിടക്കുന്ന മൂന്ന് കിലോമീറ്റർ ചുറ്റളവിലുള്ള വാർഡുകളെയും കണ്ടെയ്ൻമെൻറ് സോണായി പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയിലും മലപ്പുറം, കണ്ണൂർ ജില്ലകളിലും ജാഗ്രതാ നിർദേശം നൽകി.