ദേശീയം
തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയുടെ ജാമ്യാപേക്ഷയിൽ വിധി നാളെ
നിയമനക്കേഴക്കേസില്‍ അറസ്റ്റിലായ തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയുടെ ജാമ്യാപേക്ഷയിൽ നാളെ വിധി പറയും. സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. അതിനിടെ മന്ത്രിയെ കസ്റ്റഡിയില്‍ വേണമെന്ന ഇഡിയുടെ ആവശ്യം കോടതി തള്ളിയിരുന്നു. സെന്തില്‍ ബാലാജിയെ നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. അതിനാല്‍ കസ്റ്റഡി അപേക്ഷ അംഗീകരിക്കാനാകില്ലെന്ന് ചെന്നൈ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി എസ് അല്ലി വ്യക്തമാക്കി.
മന്ത്രി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും, കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നുമാണ് ഇഡി കോടതിയില്‍ ആവശ്യപ്പെട്ടത്. സെന്തില്‍ ബാലാജിയുടെ 25 കോടിയുടെ ബെനാമി സ്വത്തുക്കള്‍ കണ്ടെത്തിയെന്ന് ഇഡി കസ്റ്റഡി അപേക്ഷയില്‍ വ്യക്തമാക്കി. ബന്ധുവിന്റെ പേരില്‍ വാങ്ങിയ സ്വത്തുക്കള്‍ക്കു പണം മുടക്കിയത് സെന്തില്‍ ആണെന്നാണ് ഇഡിയുടെ വാദം.
സെന്തില്‍ ബാലാജിക്കെതിരെ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനത്തിനും ബെനാമി സ്വത്തിനും തെളിവുണ്ട്. 3.75 ഏക്കര്‍ ഭൂമിയുടെ ബെനാമി ഇടപാടാണ് നടന്നത് എന്നും ഇഡി വ്യക്തമാക്കുന്നു. മുമ്പ് ജയലളിത സര്‍ക്കാരില്‍ മന്ത്രിയായിരിക്കെ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെന്ന കേസിലാണ് സെന്തില്‍ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തത്.
അതിനിടെ, സെന്തില്‍ ബാലാജിയുടെ ഭാര്യ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജി മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ നിഷ ബാനു, ഭരത ചക്രവര്‍ത്തി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.