ദേശീയം
കൊവിഡ് വ്യാപനം; തമിഴ്നാട്ടിലെ പൊതുവിടങ്ങളിൽ വീണ്ടും മാസ്ക് നിര്‍ബന്ധമാക്കി
തമിഴ്നാട്ടിൽ വീണ്ടും പൊതുവിടങ്ങളിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കി. മാസ്ക് ധരിയ്ക്കാത്തവരിൽ നിന്നും 500 രൂപ പിഴ ഈടാക്കുമെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറി ഡോ. ജെ. രാധാകൃഷ്ണൻ പറഞ്ഞു. മദ്രാസ് ഐഐടിയിൽ കൊവിഡ് വ്യാപനം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. രണ്ട് ദിവസത്തിനകം ഒരു അധ്യാപകൻ ഉൾപ്പെടെ 30 പേർക്കാണ് ഐഐടിയിൽ രോഗം സ്ഥിരീകരിച്ചത്. ഇവരെ തരമണിയിലുള്ള ഗസ്റ്റ് ഹൗസിലേക്ക് മാറ്റിയിട്ടുണ്ട്. സമ്പർക്കത്തിലുള്ളവരും രോഗലക്ഷണങ്ങൾ ഉള്ളവരും ക്വാറന്‍റീനിലാണ്.
അതേസമയം തുടര്‍ച്ചയായ മൂന്നാംദിവസവും രാജ്യത്ത് പ്രതിദിന കോവിഡ് രോഗികള്‍ രണ്ടായിരത്തിന് മുകളില്‍. ഇന്നലെ 2451 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 14,241 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയ കണക്കുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസം 2380 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ ചെന്നൈ ഐഐടിയില്‍ 12 വിദ്യാര്‍ഥികള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 18 വിദ്യാര്‍ഥികളെ പരിശോധിച്ചപ്പോഴാണ് മൂന്നില്‍ രണ്ടുപേര്‍ക്കും വൈറസ് ബാധ കണ്ടെത്തിയത്. ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹരിയാന അടക്കമുള്ള സംസ്ഥാനങ്ങളിലാണ് കോവിഡ് കേസുകള്‍ കൂടുതലായി കണ്ടുവരുന്നത്. ഈ സംസ്ഥാനങ്ങളോട് ജാഗ്രത പുലര്‍ത്താന്‍ കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്.