ദേശീയം
കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ്; അതിർത്തികളിൽ പരിശോധന കൂടാതെ വാഹനങ്ങൾ കടത്തിവിട്ട് തമിഴ്നാട്
അന്തർ സംസ്ഥാന യാത്രയ്ക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവു നൽകി തമിഴ്‌നാട്. കേരളത്തിൽ കോവിഡ് വ്യാപന തോതു കുറഞ്ഞതിന്റെ പശ്ചാത്തലത്തിലാണു നടപടി. കേരളത്തിൽ നിന്നുള്ള വാഹനങ്ങൾ നിയന്ത്രിക്കാൻ ദേശീയപാതയിൽ ഒരുക്കിയ ബാരിക്കേഡുകൾ പൂർണമായി മാറ്റി.
ഇന്നലെ മുതൽ പരിശോധന കൂടാതെ വാഹനങ്ങൾ ദേശീയപാതയിലൂടെ കടത്തിവിട്ടു തുടങ്ങി. നേരത്തെ കോവിഡ് വ്യാപന തോതു കുറഞ്ഞിട്ടും തമിഴ്നാട് പരിശോധന തുടർന്നതും നിയന്ത്രണങ്ങൾ പിൻവലിക്കാതിരുന്നതും കേരളത്തിൽ നിന്നുള്ള യാത്രക്കാരെ വലച്ചിരുന്നു. കേരളത്തിൽ നിയന്ത്രണങ്ങൾ പൂർണമായി മാറ്റിയപ്പോഴും അന്തർ സംസ്ഥാന യാത്ര മാത്രം നിയന്ത്രണത്തിലായിരുന്നു. സ്ഥിരമായി തമിഴ്നാട്ടിലേക്കു ജോലിക്കു പോവുന്ന തൊഴിലാളികളും വിദ്യാർഥികളും ഉൾപ്പെടെ വലിയ പ്രയാസം നേരിട്ടിരുന്നു.
യാത്രക്കാരുടെ നിരന്തര പരാതിയെ തുടർന്നു പാലക്കാട് ജില്ലാ ഭരണകൂടം കോയമ്പത്തൂർ ജില്ലാ ഭരണകൂടവുമായി നടത്തിയ ചർച്ചയെ തുടർന്നാണു നിയന്ത്രണങ്ങൾ നീക്കിയത്. കേരളത്തിൽ വാക്സിനേഷൻ ഏറെക്കുറെ പൂർണമായതിന്റെ പശ്ചാത്തലം കൂടി കണക്കിലെടുത്താണു നിയന്ത്രണങ്ങളിൽ ഇളവു നൽകിയത്.
നിലവിൽ യാത്രാ വാഹനങ്ങൾക്കു പാസും സർട്ടിഫിക്കറ്റും ഇല്ലാതെ തമിഴ്നാട്ടിലേക്കു കടക്കാം. അതേസമയം ജാഗ്രത കൈവിടരുതെന്നും യാത്രക്കാർ നിർബന്ധമായും കോവിഡ് നിയന്ത്രണങ്ങൾ പാലിക്കണമെന്നും കോയമ്പത്തൂർ ജില്ലാ ഭരണകൂടവും ചാവടി പൊലീസും അറിയിച്ചു. കേരളത്തിലേക്കു വരുന്ന വാഹനങ്ങൾക്കുള്ള നിയന്ത്രണങ്ങളും ഭാഗികമായി പിൻവലിച്ചിട്ടുണ്ട്. യാത്രാ പ്രതിസന്ധിക്ക് പൂർണ പരിഹാരം ആകണമെങ്കിൽ ബസ് സർവീസ് കൂടി പുനരാരംഭിക്കണം.