ദേശീയം
ഹിന്ദുത്വ വിദ്വേഷ നടപടിയെ ശക്തമായി അപലപിക്കുന്നു’; പ്രതിഷ്ഠാ ചടങ്ങുകളുടെ സംപ്രേഷണം തടഞ്ഞതില്‍ തമിഴ്‌നാടിനെതിരെ നിര്‍മലാ സീതാരാമന്‍
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകളുടെ സംപ്രേഷണം തടഞ്ഞ തമിഴ്‌നാട് സര്‍ക്കാരിന്റെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍. ഈ ഹിന്ദുത്വ തീവ്ര വിദ്വേഷ നടപടിയെ ശക്തമായി അപലപിക്കുന്നുവെന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു. സംപ്രേഷണം തടഞ്ഞ വാര്‍ത്ത വന്ന പത്രത്തിന്റെ ഫോട്ടോ എക്‌സില്‍ പോസ്റ്റ് ചെയ്താണ് കേന്ദ്ര മന്ത്രിയുടെ പ്രതികരണം.
തമിഴ്‌നാട്ടില്‍ ശ്രീരാമന് വേണ്ടി 200ലധികം ക്ഷേത്രങ്ങളുണ്ട്. ഈ ക്ഷേത്രങ്ങളില്‍ ശ്രീരാമന്റെ നാമത്തിലുള്ള പൂജ, ഭജന, പ്രസാദം, അന്നദാനം എന്നിവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നു. സ്വകാര്യ ഉടമസ്ഥതയിലുള്ള ക്ഷേത്രങ്ങളെയും പരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍ നിന്ന് പൊലീസ് തടയുന്നു. പന്തലുകള്‍ പൊളിക്കുമെന്ന് ഇവര്‍ സംഘാടകരെ ഭീഷണിപ്പെടുത്തുന്നുവെന്നും പോസ്റ്റില്‍ നിര്‍മലാ സീതാരാമന്‍ പറയുന്നു.
അതേസമയം തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ അന്നദാനം നടത്താനും ശ്രീരാമന്റെ നാമത്തില്‍ പൂജകള്‍ നടത്താനും പ്രസാദം നല്‍കാനുമുള്ള ഭക്തരുടെ സ്വാതന്ത്ര്യത്തിന് ഹിന്ദു മത- ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് വകുപ്പ് പരിമിതികളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് സംസ്ഥാന ഹിന്ദു മത-ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് മന്ത്രി പി കെ ശേഖര്‍ ബാബു പറഞ്ഞു. മാത്രമല്ല കേന്ദ്ര മന്ത്രി നിര്‍മലാ സീതാരാമനെപ്പോലുള്ളവര്‍ തെറ്റായ വിവരങ്ങള്‍ ബോധപൂര്‍വം പ്രചരിപ്പിക്കുകയാണെന്നും തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവകളാണെന്നും അദ്ദേഹവും എക്‌സില്‍ കുറിച്ചു.