ദേശീയം
ടിആര്‍പി തട്ടിപ്പ്; റിപ്പബ്ലിക്ക് ടിവി അടക്കം മൂന്ന് ചാനലുകള്‍ക്കെതിരെ ആന്വേഷണം
ടെലിവിഷന്‍ റേറ്റിങ് പോയിന്റില്‍ (ടിആര്‍പി) കൃത്രിമം കാട്ടിയ റിപ്പബ്ലിക്ക് ടിവി അടക്കമുള്ള മൂന്ന് ചാനലുകള്‍ക്കെതിരെ അന്വേഷണം നടത്തുമെന്ന് മുംബൈ പോലീസ്. ഫാക്ട് മറാത്തി, ബോക്‌സ് സിനിമ എന്നിവയാണ് മറ്റ് രണ്ട് ചാനലുകള്‍. ഈ മൂന്ന് ചാനലുകളും ടിആര്‍പിയില്‍ കൃത്രിമം കാട്ടിയെന്ന് കമ്മീഷ്ണര്‍ പരം ഭീര്‍ സിങ് പറഞ്ഞു. റിപ്പബ്ലിക് ടിവിയുടെ അധികൃതര്‍ ഒഴികെയുള്ള മറ്റ് രണ്ട് ചാനലുകളുടെ ഉടമകളെ പോലീസ് അറസ്റ്റ് ചെയ്തു.വിട്ടുവീഴ്ചയില്ലാത്ത പരിശോധന.
മൂന്ന് ചാനലുകളുടേയും ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കുമെന്ന് കമ്മീഷ്ണര്‍ പരം ഭീര്‍ സിങ് പറഞ്ഞു. പരസ്യത്തില്‍ നിന്നല്ലാതെ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഇവര്‍ക്ക് പണം ലഭിക്കുന്നുണ്ടോയെന്ന് പരിശോധിക്കും. കുറ്റകൃത്യങ്ങള്‍ കണ്ടെത്തിയാല്‍ അക്കൗണ്ട് മരവിപ്പിക്കുമെന്നും കമ്മീഷ്ണര്‍ വ്യക്തമാക്കി. വീടുകളില്‍ നിന്നും ലഭിച്ച ഡാറ്റ ഉപയോഗിച്ചാണ് ചാനലുകള്‍ തട്ടിപ്പ് നടത്തിയത്. കൃത്രിമം കാട്ടിയതിലൂടെ ഇവര്‍ക്ക് അനധികൃത പരസ്യ ഫണ്ട് ലഭിച്ചതായും അദ്ദേഹം പറഞ്ഞു. ഇത് വഞ്ചനാ കുറ്റമായി പരിഗണിക്കുമെന്നാണ് കമ്മീഷ്ണര്‍ വ്യക്തമാക്കിയിരിക്കുന്നത്.
ഒരു ചാനല്‍ എത്രയാളുകള്‍ കാണുന്നു എന്ന് കണക്കാക്കുന്നതിനാണ് ടിആര്‍പിയെ ആശ്രയിക്കുന്നത്. ബാരോമീറ്റര്‍ എന്ന ഉപകരണത്തിന്റെ സഹായത്തോടെയാണ് ഇത് കണക്കാക്കുന്നത്. ഇതില്‍ രണ്ടായിരത്തോളം ബാരാമീറ്ററുകള്‍ മുംബൈയില്‍ സ്ഥാപിച്ചിട്ടുണ്ട്. ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. ബാരോമീറ്ററുകള്‍ സ്ഥാപിക്കുന്നതിനും അറ്റകുറ്റ പണികളുടെ ഉത്തരവാദിത്വവുമുള്ള ഹന്‍സ എന്ന ഏജന്‍സിയുടെ സഹായത്തോടെയാണ് ചാനലുകള്‍ തട്ടിപ്പ് നടത്തിയത്.
ഇന്ത്യയില്‍ ആകെ മുപ്പതിനായിരം ബാരോമീറ്ററുകളാണ് ടിആര്‍പി കണക്കാക്കുന്നതിനായി സ്ഥാപിച്ചിരിക്കുന്നത്. ഇവ എവിടെയൊക്കെയാണ് സ്ഥാപിച്ചിരിക്കുന്നത് എന്ന് ടെലിവിഷന്‍ ചാനലുകളോട് വെളിപ്പെടുത്താറില്ല. എന്നാല്‍ ഹന്‍സ ഏജന്‍സിയുടെ ജീവനക്കാരെ സ്വാധീനിച്ച് ബാരോമീറ്ററുകള്‍ സ്ഥാപിച്ചിരിക്കുന്ന വീടുകള്‍ മനസിലാക്കുകയും തങ്ങളുടെ ചാനലുകള്‍ കാണാന്‍ വീട്ടുകാര്‍ക്ക് ചാനലുകള്‍ പണം നല്‍കിയെന്നുമാണ് മുംബൈ പോലീസിന്റെ കണ്ടെത്തല്‍. തങ്ങളുടെ ചാനലുകള്‍ കാണുന്നതിനായി 400-500 രൂപ വരെയാണ് ചാനലുകള്‍ വീട്ടുകാര്‍ക്ക് നല്‍കിയിരുന്നതെന്നാണ് കമ്മീഷ്ണര്‍ വ്യക്തമാക്കിയിരിക്കുന്നത്.