ദേശീയം
ഡോ. സി. സൈലേന്ദ്ര ബാബു ഇനി തമിഴ്‌നാട് ഡിജിപി
ഡോ. സി. സൈലേന്ദ്ര ബാബുവിനെ തമിഴ്‌നാട്ടിലെ പുതിയ ഡയറക്ടർ ജനറൽ ആയി നിയമിച്ചു. 2021 ജൂലൈ 1 ന് അദ്ദേഹം ചുമതലയേൽക്കും. മുൻ ഡിജിപി ജെ കെ ത്രിപാഠി 2021 ജൂൺ 30 ന് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം.
1987 ലെ തമിഴ്‌നാട് കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥനായ സൈലേന്ദ്ര ബാബു നേരത്തെ തമിഴ്‌നാട്ടിൽ റെയിൽവേ പോലീസ് ഡയറക്ടർ ജനറലായിരുന്നു. തമിഴ്‌നാട് ഫയർ ആന്റ് റെസ്ക്യൂ സർവീസസിന്റെ ഡയറക്ടറായും അദ്ദേഹം പ്രവർത്തിച്ചു.
ന്യൂ ഡൽഹിയിലെ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ജൂൺ 28 ന് ന്യൂഡൽഹിയിൽ എംപാനൽമെന്റ് കമ്മിറ്റി യോഗം ചേർന്ന് ഐപിഎസ് ഉദ്യോഗസ്ഥരുടെ പേരുകൾ പാനൽ ഡയറക്ടർ ജനറൽ, പോലീസ് ഫോഴ്‌സ് മേധാവി സ്ഥാനങ്ങളിലേക്ക് നിയമിക്കാൻ അനുയോജ്യമായ പേരുകൾ ശുപാർശ ചെയ്തിരുന്നു. അതിൽനിന്നാണ് ശൈലേന്ദ്ര ബാബു ഉൾപ്പെടെയുള്ളവരുടെ ലിസ്റ്റ് കൈമാറിയത്.
ത്രിപാഠിയുടെ പിൻഗാമിയായി കണക്കാക്കപ്പെടുന്ന ഏഴു പേരിൽ ഒരാളാണ് സൈലേന്ദ്ര ബാബു. കരൺ സിങ്ക (1987 ബാച്ച്), സഞ്ജയ് അറോറ (1988 ബാച്ച്), സുനിൽ കുമാർ സിംഗ് (1988 ബാച്ച്), മുഹമ്മദ് ഷക്കീൽ അക്തർ (1989 ബാച്ച്) എന്നിവരാണ് പരിഗണിക്കപ്പെട്ടിരുന്നത്. തുടർന്ന് സൈലേന്ദ്ര ബാബുവിനെ സംസ്ഥാനത്തിന്റെ പുതിയ ഡയറക്ടർ ജനറൽ ആയി നിയമിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കുകയായിരുന്നു.