ദേശീയം
ബാബാ രാംദേവിനെതിരെ വീണ്ടും സുപ്രീം കോടതിയുടെ കടുത്ത വിമർശനം
പതഞ്‌ജലിയുമായി ബന്ധപ്പെട്ട കേസിൽ യോഗ ഗുരു ബാബാ രാംദേവിനെ കടുത്ത ഭാഷയിൽ വിമർശിച്ച് സുപ്രീം കോടതി രംഗത്ത്. നിങ്ങൾ നിരപരാധിയല്ലെന്നും, നിരുത്തരവാദപരമായ പെരുമാറ്റമാണ് ഉണ്ടായതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. പതഞ്ജലി ആയുർവേദ കമ്പനിയുടെ ഔഷധ ഉൽപന്നങ്ങളുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീം കോടതിയുടെ നിർണായക ഇടപെടൽ.
ജസ്‌റ്റിസുമാരായ ഹിമ കോഹ്‌ലിയും അഹ്‌സനുദ്ദീൻ അമാനുല്ലയും അടങ്ങുന്ന രണ്ടംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കേസിൽ അടുത്ത വാദം കേൾക്കുന്നത് ഏപ്രിൽ 23ലേക്ക് മാറ്റി. ബാബാ രാംദേവും ആചാര്യ ബാലകൃഷ്‌ണയും ഇന്ന് കോടതിയിൽ നേരിട്ട് ഹാജരായിരുന്നു. ഇതിനിടയിലാണ് സുപ്രീം കോടതിയുടെ കടുത്ത വിമർശനം ഉയർന്നത്.
തങ്ങൾ ചെയ്‌ത തെറ്റുകൾക്ക് എല്ലാം നിരുപാധികം മാപ്പ് അപേക്ഷിക്കുന്നതായി ഇരുവരും കോടതിയെ അറിയിച്ചെങ്കിലും അത് ചെവിക്കൊള്ളാൻ കോടതി തയ്യാറായില്ല. അന്ന് ഞങ്ങൾ ചെയ്‌തതെല്ലാം തെറ്റായിരുന്നു. ഭാവിയിൽ ഇക്കാര്യങ്ങൾ മനസ്സിൽ വച്ചുകൊണ്ട് ഞങ്ങൾ പ്രവർത്തിച്ചു കൊള്ളാം എന്നായിരുന്നു ഇരുവരും പറഞ്ഞത്.
എന്നാൽ കോടതി ഇത് അംഗീകരിച്ചില്ല. ‘നിയമം എല്ലാവർക്കും തുല്യമാണ്. ഭേദമാക്കാനാവാത്ത രോഗങ്ങളെക്കുറിച്ച് നിങ്ങൾക്ക് പരസ്യം ചെയ്യാൻ കഴിയില്ലെന്ന് അറിയില്ലേ’ എന്നും സുപ്രീം കോടതി ചോദിക്കുകയുണ്ടായി. എന്നാൽ തങ്ങൾ അതിന് മുന്നോടിയായി ധാരാളം പരീക്ഷങ്ങൾ നടത്തിയെന്നായിരുന്നു രാംദേവിന്റെ മറുപടി.
ഇത് കോടതിയുടെ കൂടുതൽ വിമർശനങ്ങൾക്ക് ഇടയാക്കി. ‘ഇത് നിരുത്തരവാദപരമായ പെരുമാറ്റമാണ്. നിങ്ങളുടെ മുൻകാല ചരിത്രവും ദോഷകരമാണ്. നിങ്ങളുടെ ക്ഷമാപണം സ്വീകരിക്കണോ വേണ്ടയോ എന്ന് ഞങ്ങൾ ആലോചിക്കും. ആവർത്തിച്ചുള്ള നിയമ ലംഘനങ്ങളാണ് നിങ്ങൾ നടത്തിയത്’ ജസ്‌റ്റിസ് കൊഹ്‌ലി പറഞ്ഞു. ഈ ക്ഷമാപണം നിങ്ങളുടെ ഹൃദയത്തിൽ നിന്ന് വന്നതല്ലെന്നായിരുന്നു ജസ്‌റ്റിസ് അമാനുല്ല പറഞ്ഞത്.
നേരത്തെ ഏപ്രിൽ 10ന് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നല്‍കിയെന്ന കേസില്‍ പതഞ്ജലി സ്ഥാപകരായ ബാബാ രാംദേവും ബാലകൃഷ്‌ണയും വീണ്ടും കോടതിയില്‍ ക്ഷമാപണം അറിയിച്ചെങ്കിലും ഇത് സ്വീകരിക്കാന്‍ സുപ്രീം കോടതി തയ്യാറായിരുന്നില്ല.
പതഞ്ജലിക്കെതിരെ ഇത്രയും കാലമായി നടപടിയെടുക്കാത്തതിൽ ഉത്തരാഖണ്ഡ് ലൈസൻസിംഗ് അതോറിറ്റിയേയും കോടതി രൂക്ഷമായ ഭാഷയില്‍ വിമർശിച്ചിരുന്നു. വിഷയത്തിൽ കേന്ദ്രത്തിന്റെ മറുപടിയിൽ തൃപ്‌തരല്ലെന്നും പരമോന്നത കോടതി വ്യക്തമാക്കിയിരുന്നു.
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയതിനും ചില രോഗങ്ങൾക്ക് ചികിൽസ നൽകിയതിനും അലോപ്പതി ശാഖയെ വിമർശിച്ചതിനും ഐഎംഎ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലെടുത്ത കേസിലായിരുന്നു പതഞ്ജലി ഉടമസ്ഥർക്കെതിരെ കോടതിയലക്ഷ്യ നടപടി ആരംഭിച്ചത്.