ദേശീയം
ഓക്സിജൻ ലഭ്യത ഉറപ്പാക്കണം; വാക്സിൻ വില കമ്പനികൾക്ക് വിട്ടു കൊടുക്കരുതെന്ന് സുപ്രീംകോടതി
വാക്സിൻ വില നിർണയം കമ്പനികൾക്ക് വിട്ടു കൊടുക്കരുതെന്ന് സുപ്രീം കോടതി നിർദേശം. ഓക്സിജൻ ലഭ്യത ഉറപ്പാക്കാൻ വേണ്ടതെല്ലാം ചെയ്യണമെന്നും സുപ്രീം കോടതി നിർദേശിച്ചു. കേന്ദ്ര സർക്കാരിന്‍റെ വാക്സിൻ നയത്തെയും സുപ്രീം കോടതി ചോദ്യം ചെയ്തിരുന്നു.
കൊവിഡ് വാക്സിൻ പൊതുമുതലാണെന്നും വാക്സിന് എന്തിനാണ് രണ്ടുവില നിശ്ചയിക്കുന്നതെന്നും സുപ്രീംകോടതി ചോദിച്ചു. വാക്സിൻ കൈപറ്റുന്നത് കേന്ദ്രമായാലും സംസ്ഥാനമായാലും എന്താണ് വ്യത്യാസമെന്നും കോടതി ചൂണ്ടിക്കാട്ടി. സർക്കാരിന്‍റെ ധനസഹായത്തോടെയാണ് വാക്സിൻ നിർമ്മിച്ചിട്ടുള്ളത്. അതുകൊണ്ട് വാക്സിനെ പൊതുമുതലായി പരിഗണിക്കേണ്ടതാണ്. വാക്സിന് രണ്ടു തരത്തിലുള്ള വില ഈടാക്കുന്നത്, സംസ്ഥാനങ്ങളിൽ ചിലർ പരിഗണിക്കപ്പെടാനും ചിലർ അവഗണിക്കപ്പെടാനും ഇടയാക്കും.
അതിന് കമ്പനികൾക്ക് അവസരം നൽകുന്ന നടപടിയായി മാറില്ലേ ഇത്. വാക്സിൻ കേന്ദ്ര സർക്കാർ തന്നെ കൈപറ്റുകയും സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യുന്നതുമായ രീതി അവലംബിച്ചു കൂടെയെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു.
നിരക്ഷരർ എങ്ങനെയാണ് കൊവിൻ ആപ്പിൽ രജിസ്റ്റർ ചെയ്യേണ്ടത്, ഇന്‍റർനെറ്റ് ഉപയോഗിക്കാത്തവരുടെ വാക്സിനേഷന് എന്താണ് സംവിധാനമുള്ളത് തുടങ്ങിയ ചോദ്യങ്ങൾ കോടതി ഉന്നയിച്ചു. കൊവിൻ രജിസ്ട്രേഷൻ നിർബന്ധമാക്കിയ സാഹചര്യത്തിലാണ് ഇക്കാര്യം ചോദിക്കുന്നതെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് വ്യക്തമാക്കി.