ദേശീയം
സുനന്ദ പുഷ്‌കര്‍ കേസില്‍ നിന്ന് തന്നെ ഒഴിവാക്കണം; ശശി തരൂര്‍ കോടതിയില്‍
സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ഡല്‍ഹി കോടതിയില്‍ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം പി. വിദഗ്ധര്‍ നിരവധി അന്വേഷണങ്ങള്‍ നടത്തിയെങ്കിലും മരണ കാരണത്തെ സംബന്ധിച്ച് ഉറപ്പായ നിഗമനം ആരും നല്‍കിയിട്ടില്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.തരൂരിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ വികാസ് പഹ്വയാണ് ഹാജരായത്.
ഐ പി സി 498എ, 306 വകുപ്പുകള്‍ പ്രകാരം തെറ്റ് ചെയ്‌തെന്ന് തരൂരിനെതിരെ തെളിവില്ലെന്ന് അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. സുനന്ദയുടെ മരണം യാദൃച്ഛികമായി സംഭവിച്ചതാണെന്ന് കണക്കാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സുനന്ദയുടെ മരണ കാരണം വ്യക്തമായിട്ടില്ല, ആത്മഹത്യയാണെന്ന് പോലും തെളിഞ്ഞിട്ടില്ല. പോസ്റ്റ് മോര്‍ട്ടം നടത്തിയ ഡോക്ടറുടെ സംശയത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്- വിശദീകരണത്തില്‍ പറയുന്നു.
2014 ജനുവരിയില്‍ സുനന്ദ ദില്ലിയിലേക്ക് വരുമ്പോള്‍ രോഗിയായിരുന്നു. എയര്‍ പോര്‍ട്ടില്‍ നിന്ന് വീല്‍ചെയറിലാണ് ഹോട്ടലില്‍ എത്തിച്ചത്. ഇതിനെല്ലാം തെളിവുണ്ടെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ശശി തരൂരും കോടതിയില്‍ ഹാജരായിരുന്നു. 2014 ജനുവരി 17 നാണ് സുനന്ദ പുഷ്‌കറെ ഡല്‍ഹിയിലെ നക്ഷത്ര ഹോട്ടലിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശശി തരൂരാണ് സുനന്ദയെ മരിച്ച നിലയില്‍ ആദ്യം കണ്ടതെന്നാണ് അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന അഭിനവ് കുമാര്‍ അന്ന് മാധ്യമങ്ങളോടു വെളിപ്പെടുത്തിയത്.
ദുരൂഹസാഹചര്യത്തിലുള്ള മരണമായതിനാല്‍ ഭര്‍ത്താവായ ശശി തരൂര്‍ ആദ്യം മുതല്‍ അന്വേഷണ സംഘത്തിന്റെ പ്രതിപ്പട്ടികയിലായിരുന്നു. ദേശീയതലത്തില്‍ കോണ്‍ഗ്രസിനെതിരെയുള്ള രാഷ്ട്രീയ ആയുധമായി ബിജെപി വിഷയത്തെ മാറ്റി തീര്‍ക്കുകയും ചെയ്തിരുന്നു.നാല് വര്‍ഷത്തിന് ശേഷം സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ ഭര്‍ത്താവും എംപിയുമായ ശശി തരൂരിനെ പ്രതിയാക്കി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.