ദേശീയം
പാഠപുസ്തക പരിഷ്‌കരണം: സുധാ മൂര്‍ത്തിയും ശങ്കര്‍ മഹാദേവനും എന്‍സിഇആര്‍ടി സമിതിയില്‍
പാഠപുസ്തക പരിഷ്‌കരണത്തിനുള്ള എന്‍സിഇആര്‍ടി സമിതിയില്‍ സുധാ മൂര്‍ത്തിയും ഗായകന്‍ ശങ്കര്‍ മഹാദേവനും. 19 അംഗ സമിതിയാണ് രൂപീകരിച്ചിട്ടുള്ളത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷന്‍ ആന്റ് പ്ലാനിങ് ഇന്‍ അഡ്മിനിസ്‌ട്രേഷന്‍ ചാന്‍സലര്‍ മഹേഷ് ചന്ദ്ര പന്ത് ആണ് സമിതി ചെയര്‍മാന്‍.
ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സുധാ മൂര്‍ത്തി, ഗായകന്‍ ശങ്കര്‍ മഹാദേവന്‍, പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി ചെയര്‍മാന്‍ ബിബേക് ദേബ്രായി, പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗം സഞ്ജീവ് സന്യാല്‍ തുടങ്ങിയവര്‍ സമിതിയില്‍ ഉള്‍പ്പെടുന്നു.
ഇന്‍ഫോസിസ് ചെയര്‍മാന്‍ നാരായണമൂര്‍ത്തിയുടെ ഭാര്യയും, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ ഭാര്യാ മാതാവുമാണ് സുധ മൂര്‍ത്തി. സെന്റര്‍ ഓഫ് പൊളീസി സ്റ്റഡീസ് ചെയര്‍മാന്‍ എം ഡി ശ്രീനിവാസ്, ഗണിത ശാസ്ത്രജ്ഞ സുജാത രാമദുരൈ, ബാഡ്മിന്റണ്‍ താരവും പരിശീലകനുമായ യു വിമല്‍ കുമാര്‍ തുടങ്ങിയവരും സമിതിയില്‍ ഉള്‍പ്പെടുന്നു.
മൂന്നു മുതല്‍ 12 വരെ ക്ലാസ്സുകളിലെ പാഠപുസ്തകങ്ങള്‍ തയ്യാറാക്കുകയാണ് സമിതിയുടെ ഉത്തരവാദിത്തം. എല്ലാ ക്ലാസുകളിലും പുതിയ പാഠപുസ്തകങ്ങള്‍ കൊണ്ടുവരുമെന്ന് എന്‍സിഇആര്‍ടി പ്രഖ്യാപിച്ചിരുന്നു. പാഠപുസ്തകങ്ങളില്‍ നിന്നും മാസങ്ങള്‍ക്ക് മുമ്പ് എന്‍സിഇആര്‍ടി ചില ഭാഗങ്ങള്‍ ഒഴിവാക്കിയത് വിവാദമായിരുന്നു.
പത്താം ക്ലാസ് പാഠപുസ്തകത്തില്‍ നിന്ന് പിരിയോഡിക് ടേബിള്‍, ജനാധിപത്യത്തിലെ വെല്ലുവിളികള്‍, ഊര്‍ജ്ജ സ്രോതസ്സുകള്‍ തുടങ്ങിയ ഭാഗങ്ങളാണ് ഒഴിവാക്കിയത്. പ്രധാന പോരാട്ടങ്ങളും മുന്നേറ്റങ്ങളും, രാഷ്ട്രീയപ്പാര്‍ട്ടികള്‍ തുടങ്ങിയ ഭാഗങ്ങളും ഒഴിവാക്കി. ഗാന്ധി വധം, മുഗള്‍ ചരിത്രം, ഗുജറാത്ത് കലാപം എന്നിവയും ഒഴിവാക്കപ്പെട്ടു. നേരത്തേ ഡാര്‍വിന്റെ പരിണാമ സിദ്ധാന്തവും എന്‍സിഇആര്‍ടി പാഠപുസ്തകത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു.