കേരളം
കുട്ടികളെ അഭിനയിപ്പിക്കാന്‍ അനുമതിതേടിയ നിര്‍മാതാക്കളുടെ വിവരങ്ങള്‍ സമര്‍പ്പിക്കണം
സിനിമ, സീരിയല്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ കുട്ടികളെ അഭിനയിപ്പിക്കാനായി അനുമതിതേടിയ നിര്‍മാതാക്കളുടെ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ കളക്ടര്‍മാരോട് ദേശീയ ബാലാവകാശ കമ്മിഷന്‍. 2017 മുതല്‍ 2022 വരെയുള്ള കാലയളവില്‍ ഇത്തരത്തില്‍ അനുമതി തേടിയവരുടെ വിവരങ്ങള്‍ ഏഴുദിവസത്തിനകം സമര്‍പ്പിക്കാനാണ് ആവശ്യം.
കേരളത്തില്‍ കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം കളക്ടര്‍മാര്‍ക്കാണ് കത്തയച്ചത്. വാണിജ്യാവശ്യങ്ങള്‍ക്കുള്‍പ്പെടെ കുട്ടികളെ ഉപയോഗിച്ചുള്ള ചിത്രീകരണത്തിന് നിര്‍മാതാക്കള്‍ക്ക് കളക്ടര്‍മാരുടെ അനുമതി നിര്‍ബന്ധമാണ്. മാതാപിതാക്കളുടെ സമ്മതപത്രവും സമര്‍പ്പിക്കണം. ഇതുപാലിക്കുന്നത് ഉറപ്പാക്കാനാണ് നടപടിയെന്ന് കമ്മിഷന്‍ വ്യക്തമാക്കി.
മൂന്നുമാസത്തില്‍ത്താഴെ പ്രായമുള്ള കുട്ടികളെ അഭിനയിപ്പിക്കുന്നതിന് നേരത്തേ ബാലാവകാശ കമ്മിഷന്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. മുലയൂട്ടല്‍, പ്രതിരോധ-ബോധവത്കരണ പരിപാടികള്‍ തുടങ്ങിയവയുടെ ചിത്രീകരണത്തിനായിമാത്രമേ ഈ പ്രായത്തിലുള്ള കുഞ്ഞുങ്ങളെ ഉപയോഗിക്കാവൂയെന്നും ഇതുമായിബന്ധപ്പെട്ട് കമ്മിഷന്‍ പുറത്തിറക്കിയ കരട് മാര്‍ഗ നിര്‍ദേശത്തിലുണ്ട്.