കേരളം
നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം നാളെ മുതൽ
നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം നാളെ ആരംഭിക്കും. ജില്ലയിലെ 12 നിയമസഭാ നിയോജക മണ്ഡലങ്ങളിലെ വരണാധികാരികള്‍ക്കും ഉപവരണാധികാരികള്‍ക്കും മുമ്പാകെയാണ് നാമനിര്‍ദ്ദേശപത്രികകള്‍ സമര്‍പ്പിക്കേണ്ടത്. ഇക്കുറി നാമനിര്‍ദ്ദേശ പത്രിക ഓണ്‍ലൈനില്‍ തയ്യാറാക്കുന്നതിനുള്ള സംവിധാനവും തെരഞ്ഞെടുപ്പ് കമ്മീഷന്റെ സുവിധ പോര്‍ട്ടലില്‍ ലഭ്യമാക്കി കഴിഞ്ഞു. ഓണ്‍ലൈനായി തയ്യാറാക്കിയ നാമനിര്‍ദ്ദേശ പത്രികയുടെ പ്രിന്റ് എടുത്ത് വരണാധികാരിയുടെയോ സഹവരണാധികാരിയുടെയോ മുന്‍പാകെ സമര്‍പ്പിക്കണം.
ഓണ്‍ലൈനായി തയ്യാറാക്കിയവ മാത്രമല്ല, സാധാരണ രീതിയിലും നാമനിര്‍ദേശപത്രിക തയ്യാറാക്കി സമര്‍പ്പിക്കാവുന്നതാണ്. മാര്‍ച്ച് 19 വരെ പൊതുഅവധി ദിവസങ്ങള്‍ ഒഴികെ രാവിലെ 11 മുതല്‍ വൈകീട്ട് മൂന്ന് വരെയാണ് നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കേണ്ട സമയം. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് സെക്യൂരിറ്റി ഡിപ്പോസിറ്റായി 10000 രൂപയാണ് അടയ്‌ക്കേണ്ടത്. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ട സ്ഥാനാര്‍ഥികള്‍ 5000 രൂപ അടച്ചാല്‍ മതി. സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെടെ പരമാവധി മൂന്ന് പേര്‍ക്ക് മാത്രമാണ് വരണാധികാരികളുടെ മുറിയില്‍ പ്രവേശനം. കൂടാതെ വരണാധികാരികളുടെ കാര്യാലയത്തിന് 100 മീറ്റര്‍ പരിധിയില്‍ രണ്ട് വാഹനങ്ങളില്‍ കൂടുതല്‍ പ്രവേശിക്കാന്‍ അനുവദിക്കില്ല.
മാര്‍ച്ച് 20 ന് രാവിലെ 11 മുതല്‍ സൂക്ഷ്മ പരിശോധന നടത്തും. മാര്‍ച്ച് 22 വൈകിട്ട് മൂന്ന് വരെയാണ് നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കാൻ അവസരമുള്ളത്. ഏപ്രിൽ ആറിനാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെണ്ണൽ മെയ് രണ്ടിന് നടക്കും. മലപ്പുറം ലോക് സഭ ഉപതെരഞ്ഞെടുപ്പും ഇതിനോടൊപ്പം നടക്കും. തമിഴ്നാട്ടിലും പുതുച്ചേരിയിലും തെരഞ്ഞെടുപ്പ് ഏപ്രിൽ ആറിന് തന്നെയാണ്. ഒറ്റഘട്ടമായിട്ടായിരിക്കും ഈ തെരഞ്ഞെടുപ്പും നടക്കുക. സംസ്ഥാനത്ത് 40,771 പോളിംഗ് ബൂത്തുകളാണ് ഉള്ളത്. ബൂത്തുകളുടെ എണ്ണത്തിൽ 89.65 ശതമാനം വർദ്ധനവ് ഇക്കുറി ഉണ്ടായി. സംസ്ഥാനത്ത് 140 മണ്ഡലങ്ങളുണ്ട്. 2.67 കോടിയിലേറെ വോട്ടർമാരുള്ളതിൽ 579033 പുതിയ വോട്ടർമാരുണ്ട്.
221 ട്രാൻസ്ജെൻഡർ വോട്ടർമാരും ഇത്തവണ വോട്ട് ചെയ്യുന്നുണ്ട്. വോട്ടർ പട്ടികയുടെ അന്തിമ കണക്കിൽ ഇനിയും വോട്ടർമാർ കൂടിയേക്കും. ഒരു ബൂത്തിൽ പരമാവധി 1000 വോട്ടർമാരെയേ അനുവദിക്കൂ. പോളിംഗ് ബൂത്തുകളിൽ കൊവിഡ് പ്രോട്ടോക്കോൾ നിർബന്ധമായി പാലിക്കണം. ബൂത്ത് സജ്ജമാക്കാൻ ഒരു ഉദ്യോഗസ്ഥനെ കൂടി അധികമായി നിയോഗിക്കും. കൊവിഡ് രോഗികൾക്കും 80 വയസ്സ് കഴിഞ്ഞവർക്കും ഭിന്നശേഷിക്കാർക്കും പോസ്റ്റൽ വോട്ടിന് അനുമതിയുണ്ട്.