കേരളം
നവകേരള സദസ്സില്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കില്ല; സര്‍ക്കാര്‍ ഹൈക്കോടതിയില്‍
നവകേരള സദസിന് ഇനി വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കില്ലെന്ന് സര്‍ക്കാര്‍. കുട്ടികളെ നവകേരള സദസില്‍ പങ്കെടുപ്പിക്കുന്നത് അവസാനിപ്പിക്കും. ഇതു സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ എല്ലാ ഉത്തരവുകളും തിങ്കളാഴ്ചയോടെ പിന്‍വലിക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. നവകേരള സദസിനായി സ്‌കൂള്‍ ബസുകള്‍ വിട്ടു കൊടുക്കണമെന്ന ഉത്തരവും പിന്‍വലിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
നവകേരള സദസില്‍ പങ്കെടുപ്പിക്കാന്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചത് വിവാദമായിരുന്നു. കുട്ടികളെ വെയിലത്ത് നിര്‍ത്തിയെന്നായിരുന്നു ആക്ഷേപം. തലശ്ശേരിയില്‍ നിന്നു കൂത്തുപറമ്പ് മണ്ഡലത്തിലെ പാനൂരിലേക്കു പോകുന്ന മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അഭിവാദ്യം ചെയ്യാനാണ് കുട്ടികളെ റോഡില്‍ നിര്‍ത്തിയത്.
സംഭവം വിവാദമായതോടെ കുട്ടികള്‍ തണലത്താണ് നിന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിരുന്നു. കുട്ടികളെ ഒരു സ്‌കൂളില്‍ നിന്ന് ഒരു പ്രത്യേകസമയത്ത് ഇറക്കി നിര്‍ത്തുന്നത് ഒരു ഗുണകരമായ കാര്യമല്ല. അത് ആ നിലക്ക് ആവര്‍ത്തിക്കണമെന്നില്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു.
കൂടാതെ, നവകേരള സദസില്‍ കുട്ടികളെ പങ്കെടുപ്പിക്കണമെന്ന് തിരൂരങ്ങാടി ഡിഇഒ സ്‌കൂള്‍ പ്രധാന അധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കിയതും വിവാദമായിരുന്നു. ഓരോ സ്‌കൂളില്‍ നിന്നും 200 കുട്ടികളെ എങ്കിലും എത്തിക്കണമെന്നായിരുന്നു നിര്‍ദേശിച്ചിരുന്നത്. നവകേരള സദസിന് സ്‌കൂള്‍ ബസ് വിട്ടു നല്‍കണമെന്ന നിര്‍ദേശം നേരത്തെ ഹൈക്കോടതി തടഞ്ഞിരുന്നു.