കേരളം
കക്ഷികളോടൊപ്പം വരുന്നവർക്ക് പ്രവേശനമില്ല, ഐഡി കാർഡ് നിർബന്ധം; ഹൈക്കോടതിയിൽ കർശന നിയന്ത്രണം
ഹൈക്കോടതിയിലെ പ്രവേശനത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തി. അടുത്തിടെ ഉണ്ടായ സുരക്ഷാ വീഴ്ചയെ തുടർന്നാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. പ്രവേശന പാസ് നൽകുന്നത് പരമാവധി നിയന്ത്രിക്കും. ഹൈക്കോടതി രജിസ്ട്രാർ ജനറൽ പി കൃഷ്ണകുമാറാണ് നോട്ടീസ് പുറപ്പെടുവിച്ചത്
കക്ഷികളോടൊപ്പം വരുന്നവർക്ക് ഹൈക്കോടതിയിൽ പ്രവേശനമില്ല. അഭിഭാഷകരും ക്ലാർക്കുകളും ഹൈക്കോടതി ജീവനക്കാരും ഐഡി കാർഡ് ധരിച്ചുവേണം ഹൈക്കോടതിയിൽ പ്രവേശിക്കാൻ. സർക്കാർ ഉദ്യോഗസ്ഥർ ഐഡി കാർഡും സേനാംഗങ്ങൾ യൂണിഫോമും ധരിച്ചിരിക്കണം. ഗൗൺ ധരിക്കാതെ എത്തുന്ന അഭിഭാഷകർ പ്രവേശന കവാടത്തിൽ ഐഡി കാർഡ് കാണിക്കണം. ഗൗൺ ധരിച്ചെത്തുന്ന അഭിഭാഷകരെ സംശകരമായ സൗഹചര്യത്തിൽ മാത്രം പരിശോധിച്ചാൽ മതിയെന്നാണ് നോട്ടീസിൽ പറയുന്നത്.
അടുത്തിടെയാണ് ഹൈക്കോടതിയിൽ ആത്മഹത്യാശ്രമം നടന്നതാണ് സുരക്ഷ ശക്തമാക്കാൻ കാരണമായത്. ഹേബിയസ് കോർപ്പസ് ഹർജിയിൽ കോടതിയിൽ ഹാജരായ പെൺകുട്ടി വീട്ടുകാരുടെ കൂടെ പോകാൻ തീരുമാനിച്ചതിനെ തുടർന്ന് യുവാവ് കോടതി വരാന്തയിൽ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ചാണ് ജീവനൊടുക്കാൻ നോക്കിയത്. ഇതിനെ തുടർന്നാണ് നടപടി.