കേരളം
ഇന്ധന സെസിൽ സംസ്ഥാന വ്യാപക പ്രതിഷേധം; പൊലീസിന് നേരെ കല്ലേറ്, സംഘർഷം
പെട്രോളിനും ഡീസലിനും സംസ്ഥാന ബഡ്ജറ്റിൽ രണ്ട് രൂപ സെസ് പ്രഖ്യാപിച്ചതിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ച് കോൺഗ്രസ്. കൊച്ചിയിൽ പൊലീസിന് നേരെ കല്ലേറുണ്ടായതിന് പിന്നാലെ ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. പൊലീസിന് നേരെ മുട്ടയും തക്കാളിയും എറിഞ്ഞു. കൊച്ചിയിലും കൊല്ലത്തും കോട്ടയത്തും തൃശൂരും പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. വിവിധ കളക്ട്രേറ്റുകൾക്ക് മുന്നിലാണ് പ്രതിഷേധം നടന്നത്.
സമാധാനപരമായിരിക്കും പ്രതിഷേധമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ പ്രകടനക്കാർ സംഘർഷമുണ്ടാക്കിയതോടെ പൊലീസിന് പലതവണ കണ്ണീർവാതകം പ്രയോഗിക്കേണ്ടി വന്നു. ലാത്തിച്ചാർജും ഉണ്ടായി. പ്രവർത്തകർ ബാരിക്കേഡുകൾ മറിച്ചിട്ടു. തൃശൂരിൽ പ്രവർത്തകരെയും നേതാക്കളെയും ബലംപ്രയോഗിച്ച് പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.
കോൺഗ്രസ് നേതാവ് വി എസ് ശിവകുമാർ, കെ പി സി സി വൈസ് പ്രസിഡന്റ് വി ജെ പൗലോസ്, ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ, മഹിളാ കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗീസ് തുടങ്ങിയവർ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു. സെസ് പിൻവലിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നാണ് കോൺഗ്രസ് വ്യക്തമാക്കുന്നത്.
അതേസമയം, സെസിൽ സർക്കാർ ഇളവ് വരുത്താൻ സാദ്ധ്യതയില്ലെന്നാണ് സൂചന. സെസ് ഒരു രൂപയായി കുറയ്ക്കുമെന്ന് അഭ്യൂഹമുണ്ടെങ്കിലും സി പി എം വൃത്തങ്ങൾ സ്ഥിരീകരിക്കുന്നില്ല. പ്രതിപക്ഷസമ്മർദ്ദത്തിന് വഴങ്ങിയാൽ, രാഷ്ട്രീയ കീഴടങ്ങലാകുമെന്നാണ് ഇടതുമുന്നണിയിലെ ഒരു വിഭാഗത്തിന്റെ നിലപാട്.
സാമ്പത്തികസ്ഥിതി മെച്ചപ്പെടുമ്പോൾ ഇളവ് നൽകിയാൽ മതിയെന്ന അഭിപ്രായവും സി പി എമ്മിൽ ഉയരുന്നുണ്ട്. സി പി ഐ പ്രത്യക്ഷത്തിൽ എതിർക്കുന്നില്ലെങ്കിലും വിലക്കയറ്റപ്രശ്നം ചൂണ്ടിക്കാട്ടി എ ഐ ടി യു സിയിൽ നിന്നടക്കം എതിർപ്പുണ്ട്.