കേരളം
സോളാര്‍ ലൈംഗിക പീഡന കേസ് സിബിഐക്ക് വിടാനൊരുങ്ങി സംസ്ഥാന സർക്കാർ; വിജ്ഞാപനം ഉടന്‍
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കോളിളക്കമുണ്ടാക്കിയ സോളാര്‍ ലൈംഗിക പീഡന കേസ് സിബിഐക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമറിയിച്ചതോടെ യുഡിഎഫ് കൂടുതൽ കുരുക്കിലാകും എന്നത് ഉറപ്പായിരിക്കുകയാണ്. സോളാര്‍ തട്ടിപ്പ് കേസിലെ പരാതിക്കാരി നല്‍കിയ ബലാത്സംഗ പരാതികളാണ് ഇപ്പോള്‍ സിബിഐക്ക് വിടാന്‍ തീരുമാനമായിരിക്കുന്നത്. ആറ് കേസുകളാണ് ഇപ്പോള്‍ കൈമാറിയിരിക്കുന്നത്. ഇത് സംബന്ധിച്ചുള്ള വിജ്ഞാപനം ഉടന്‍ ഇറക്കും.
ഉമ്മന്‍ചാണ്ടി, കെ സി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍ തുടങ്ങിയവര്‍ക്കെതിരെയാണ് ആരോപണം ഉയര്‍ത്തിയിരിക്കുന്നത്. കഴിഞ്ഞ നാല് വര്‍ഷമായി സോളാര്‍ തട്ടിപ്പ് കേസിലും പീഡനപ്പരാതികളിലും കാര്യമായ അന്വേഷണമൊന്നും നടന്നിരുന്നില്ല. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ ഉമ്മന്‍ചാണ്ടി ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ സിബിഐ അന്വേഷണം നടത്തുന്നത് പാര്‍ട്ടിക്ക് തിരിച്ചടിയാകും. അതുകൊണ്ടു തന്നെ വിഷയത്തില്‍ ഭരണ- പ്രതിപക്ഷം തമ്മില്‍ വാക്ക് തര്‍ക്കങ്ങള്‍ ഉടലെടുക്കാനും സാധ്യതയുണ്ട്.
സ്വര്‍ണക്കടത്ത് കേസിലും ഡോളര്‍ കടത്ത് കേസിലും മന്ത്രിമാര്‍ ഉള്‍പ്പടെയുള്ള ഇടത് നേതാക്കള്‍ക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്. കേന്ദ്ര ഏജന്‍സികള്‍ ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി വരികയാണ്. വിഷയത്തില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം കടുത്ത ആരോപണങ്ങള്‍ ഉന്നയിക്കുമ്പോഴാണ് സോളാര്‍ പീഡനക്കേസിലെ പുതിയ തീരുമാനം.
2018 ഒക്ടോബറിലാണ് ഉമ്മന്‍ ചാണ്ടി, കെ.സി. വേണുഗോപാല്‍, ഹൈബി ഈഡന്‍ എന്നിവര്‍ക്കെതിരെ സോളാര്‍ കേസ് പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തത്. തുടര്‍ന്ന് മുന്‍ മന്ത്രിമാരായ എ.പി. അനില്‍കുമാര്‍, അടൂര്‍ പ്രകാശ്, അനില്‍ കുമാറിന്റെ പ്രൈവറ്റ് സെക്രട്ടറി സഹദുള്ള എന്നിവര്‍ക്കെതിരെയും പീഡനക്കേസ് ചുമത്തി. മന്ത്രിമാരുടെ ഔദ്യോഗിക വസതികളിലും എംഎല്‍എ ഹോസ്റ്റലിലും ഹോട്ടലുകളിലും വെച്ച് പീഡിപ്പിച്ചെന്നായിരുന്നു മൊഴി.
നിലവില്‍ ആറ് കേസുകളും പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ചുവരുന്നുണ്ട്. പീഡനക്കേസുകള്‍ സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് ജനുവരി 20ന് ആണ് പരാതിക്കാരി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്.
നേരത്തെ തന്നെ സര്‍ക്കാര്‍ ഏജന്‍സികളുടെയും ജുഡീഷ്യല്‍ അന്വേഷണത്തിനും വിധേയമായതാണ് സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് നടന്ന ലൈംഗിക പീഡന പരാതികള്‍.
സോളാര്‍ കേസ് യുഡിഎഫിനെതിരെ രാഷ്ട്രീയ ആയുധമാക്കുന്നതിനോട് സിപിഎമ്മില്‍ വിയോജിപ്പ് ഉള്ളതായി വാര്‍ത്തകള്‍ വന്നിരുന്നു. സോളര്‍ ഉയര്‍ത്തിക്കൊണ്ടു വരുന്നത് ഇടതുമുന്നണിക്ക് ഗുണകരമാവില്ലെന്നായിരുന്നു വിലയിരുത്തല്‍. ഇതെല്ലാം തള്ളിയാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ നീക്കം.
സര്‍ക്കാരിനെ തിരിഞ്ഞു കൊത്തുന്ന ആയുധങ്ങള്‍ ഒന്നും തിരഞ്ഞെടുപ്പില്‍ പ്രയോഗിക്കേണ്ടതില്ലെന്നായിരുന്നു സിപിഎമ്മില്‍ ഉയര്‍ന്ന ചര്‍ച്ച. രാഷ്ട്രീയ വിഷയങ്ങള്‍ യുഡിഎഫിനെതിരെ ഉപയോഗിച്ചാല്‍ മതിയെന്നായിരുന്നു പൊതുധാരണ. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിന് മേല്‍നോട്ടം വഹിക്കുന്ന പ്രത്യേക സമിതിയുടെ നേതൃത്വത്തിലേക്ക് ഉമ്മന്‍ ചാണ്ടിയെ ഹൈക്കമാന്‍ഡ് നിയോഗിച്ചതിന് പിന്നാലെയാണ് സോളാര്‍ പീഡനക്കേസ് സിബിഐയ്ക്ക് വിട്ടുകൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം
നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കുമ്ബോഴാണ് സര്‍ക്കാര്‍ ഇപ്പോഴത്തെ നിര്‍ണായകമായ നീക്കം നടത്തുന്നത്. വരും ദിവസങ്ങളില്‍ രാഷ്ട്രീയമായി വലിയ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിടുന്നതാണ് ഇപ്പോഴത്തെ നടപടി.