കേരളം
സര്‍ക്കാരുകള്‍ വീഴും, പുസ്തകങ്ങള്‍ നിലനില്‍ക്കും’; അക്കാദമി പുസ്തകത്തിലെ സര്‍ക്കാര്‍ പരസ്യത്തിനെതിരെ സച്ചിദാനന്ദന്‍
കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച മുപ്പത് പുസ്തകങ്ങളില്‍ സര്‍ക്കാരിന്റെ വാര്‍ഷിക പരസ്യം ഉള്‍പ്പെടുത്തിയതില്‍ വിയോജിപ്പ് അറിയിച്ച് അക്കാദമി പ്രസിഡന്റെ കെ സച്ചിദാനന്ദന്‍. പരസ്യത്തെ പിന്തുണച്ച സെക്രട്ടറി സിപി അബൂബക്കറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പങ്കുവച്ചാണ് വിയോജിപ്പ് രേഖപ്പെടുത്തിയത്. സര്‍ക്കാരുകള്‍ വീഴും പുസ്തകങ്ങള്‍ നിലനില്‍ക്കുമെന്ന് സച്ചിദാനന്ദന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സാഹിത്യ അക്കാദമി നടപടിക്കെതിരെ വിയോജിച്ച് നിരവധി എഴുത്തുകാരും രംഗത്തെത്തി.
അതേസമയം ഒരു പ്രോജക്ടിന്റെ ഭാഗമായാണ് പുസ്തകം ഇറക്കിയതെന്നും ഇതില്‍ രാഷ്ട്രീയമില്ലെന്നും സര്‍ക്കാരിന്റെ എംബ്ലമാണ് വച്ചതെന്നും സെക്രട്ടറി സിപി അബൂബക്കര്‍ പറഞ്ഞു. എംബ്ലം വെക്കുന്നതിനെപ്പറ്റി അക്കാദമിയില്‍ ഏതെങ്കിലും തരത്തിലുള്ള ചര്‍ച്ചയോ തര്‍ക്കമോ നടന്നിരുന്നില്ല. ഒരു സാധാരണ ഭരണനടപടിയെന്നനിലയിലാണ് അതു ചെയ്തത്. എംബ്ലം ചേര്‍ത്തതിന്റെ സമ്പൂര്‍ണ്ണ ഉത്തരവാദിത്വം സെക്രട്ടറിയെന്ന നിലയില്‍ തനിക്കാണെന്നും സിപി ആബൂബക്കര്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി.
സര്‍ക്കാരിന്റെ പരസ്യം ചേര്‍ക്കണമെങ്കില്‍ തന്നെ പുസ്തകത്തിന്റെ രണ്ടാം പേജില്‍ ചെറുതായി സൂചിപ്പിച്ചാല്‍ മതിയായിരുന്നെന്ന് സച്ചിദാനന്ദന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കുറച്ചു കോപ്പികളെ അച്ചടിച്ചിട്ടുള്ളൂ എന്നും ഇനിയുള്ളവയില്‍ ഈ രീതി മാറ്റാന്‍ കഴിയും എന്നും മനസ്സിലാക്കുന്നു. സര്‍ക്കാരുകള്‍ വീഴാനും പുസ്തകങ്ങള്‍ നില്‍ക്കാനും ഉള്ളതായതിനാല്‍ ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്താന്‍ അക്കാദമിക്ക് ബാദ്ധ്യതയുണ്ടെന്നും സച്ചിദാനന്ദന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.