ദേശീയം
കമ്മീഷൻ വൈകി; സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് രണ്ട് കോടി രൂപ പിഴ ചുമത്തി റിസർവ് ബാങ്ക്
പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് റിസർവ് ബാങ്കിന്റെ പിഴ ശിക്ഷ. രണ്ട് കോടി രൂപയാണ് പിഴ ചുമത്തിയത്. ജീവനക്കാർക്ക് കമ്മീഷൻ ഇനത്തിൽ പ്രതിഫലം നൽകാൻ വൈകിയെന്ന കാരണത്തിലാണ് ശിക്ഷ. മാർച്ച് 15 നാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചത്. ബാങ്കിങ് റെഗുലേഷൻസ് ആക്ട് സെക്ഷൻ 10(1)(b)(ii) പ്രകാരമാണ് നടപടി. ജീവനക്കാർക്ക് കമ്മീഷൻ ഇനത്തിൽ പ്രതിഫലം നൽകുന്നതിൽ റിസർവ് ബാങ്ക് നേരത്തെ പുറപ്പെടുവിച്ച ഉത്തരവ് പാലിച്ചില്ലെന്ന കാരണം ഈ ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നു.
നിലവിൽ രാജ്യത്തെ ഏറ്റവും വലിയ ബാങ്കാണ് എസ്ബിഐ. ഇവർക്ക് 2019 ലും റിസർവ് ബാങ്ക് പിഴയിട്ടിരുന്നു. ഏഴ് കോടി രൂപയായിരുന്നു അന്ന് പിഴയിട്ടത്. നിഷ്ക്രിയ ആസ്തികളും തട്ടിപ്പുകാരെ കൈകാര്യം ചെയ്യുന്നതിലും വീഴ്ച വരുത്തിയതിനായിരുന്നു പിഴ. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കുള്ള കണക്കിൽ എസ്ബിഐ ഓഹരികൾ 373 രൂപയ്ക്കാണ് വിൽക്കപ്പെടുന്നത്. ഓഹരി വിലയിൽ 1.31 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഭാരത സർക്കാർ പ്രമുഖ ഓഹരി ഉടമയായുള്ള ഒരു പൊതുമേഖലാ ധനകാര്യസ്ഥാപനമാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(SBI). ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐ., 1806-ൽ ‘ബാങ്ക് ഓഫ് കൽക്കട്ട’ എന്ന പേരിൽ കൽക്കട്ടയിലാണ് സ്ഥാപിയ്ക്കപ്പെട്ടത്. ശാഖകളുടെ എണ്ണത്തിൽ ലോകത്തെ രണ്ടാം സ്ഥാനത്തുള്ള എസ്.ബി.ഐ., ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും പഴക്കം ചെന്ന ബാങ്കുകളിലൊന്നാണ്. 1806 ജൂൺ 2നു സ്ഥാപിതമായ ‘ബാങ്ക് ഓഫ് കൽക്കട്ട’യിൽ നിന്നുമാണ് എസ്.ബി.ഐ യ്യുടെ വേരുകൾ തുടങ്ങുന്നത്.
1809 ജനുവരി 2നു ഇത് ബാങ്ക് ഓഫ് ബംഗാൾ ആയി മാറി. 1840 ഏപ്രിൽ തുടങ്ങിയ ബാങ്ക് ഓഫ് ബോംബെ,1843 ജൂലൈയിൽ ആരംഭിച്ച ബാങ്ക് ഓഫ് മദ്രാസ് എന്നിവ 1921 ജനുവരി 27നു ബാങ്ക് ഓഫ് ബംഗാളുമായി ലയിച്ച് ഇമ്പീരിയൽ ബാങ്ക് ഓഫ് ഇന്ത്യ രൂപം കൊണ്ടു. 1955 ജൂലൈ 1നു ഇമ്പീരിയൽ ബാങ്കിനെ ദേശസാൽക്കരിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നു നാമകരണം ചെയ്തു. സബ്സിഡീയറി ബാങ്കുകളുടെ നിയന്ത്രണം എസ്.ബി.ഐ ഏറ്റെടുത്തത് 1959-ൽ സർക്കാർ അവയെ ദേശസാൽക്കരിച്ചതോടുകൂടിയാണ്.