കേരളം
പങ്കാളിയെ കൈമാറ്റം ചെയ്യൽ , പരാതിക്കാരിയെ കൊന്നത് ഭർത്താവ് തന്നെയെന്ന് കുടുംബം
കോട്ടയം : കോട്ടയത്തെ പങ്കാളിയെ കൈമാറ്റം ചെയ്യൽ കേസിലെ പരാതിക്കാരിയെ ഭർത്താവ് വെട്ടിക്കൊന്ന സംഭവത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. രാവിലെ ഒമ്പത് മണിക്കും പത്തരയ്ക്കുമിടയിൽ കൊലപാതകം നടന്നിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം. കളിക്കാൻ അയൽവീട്ടിൽ പോയ കുട്ടികൾ പത്തരയ്ക്ക് വീട്ടിലെത്തുമ്പോഴാണ് അമ്മയെ വരാന്തയിൽ രക്തത്തിൽ കുളിച്ച നിലയിൽ കാണുന്നത്. ഉടൻ തന്നെ അയൽവാസിയെ അറിയിച്ചു. ബഹളം കേട്ട് പരിസരത്തുണ്ടായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളും സ്ഥലത്തെത്തി.
ഭർത്താവാണ് തന്നെ ആക്രമിച്ചതെന്നാണ് യുവതി സംഭവം സ്ഥലത്തെത്തിയ ബന്ധുക്കളെ അറിയിച്ചത്. യുവതിക്ക് ഭർത്താവിൽ നിന്നും നിരന്തര ഭീഷണി ഉണ്ടായിരുന്നുവെന്ന് സഹോദരങ്ങളും പൊലീസിനെ അറിയിച്ചിട്ടുണ്ട്. നാല് സ്ക്വാഡുകളായി തിരിഞ്ഞ് ഒളിവിൽ പോയ പ്രതിക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്. ഡോക്സ്കോഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധനകൾ നടത്തി. കൊലപാതകം നടത്തിയത് ഭർത്താവ് തന്നെയാണെന്ന് യുവതിയുടെ പിതാവ് ആവർത്തിച്ചു. കൊലപാതകത്തിന് മുമ്പ് പത്തുമണിയോടെ ഭർത്താവ് തന്നെ വിളിച്ചിരുന്നു. യുവതി എവിടെയുണ്ടെന്ന് ചോദിച്ചു. അറിയില്ലെന്നായിരുന്നു താൻ മറുപടി നൽകിയത്. അതിന് ശേഷം അരമണിക്കൂറിനുള്ളിൽ മകൾ മരിച്ച വിവരം അറിഞ്ഞുവെന്നും പിതാവ് പറഞ്ഞു. ഭർത്താവിൽ നിന്നും യുവതി നിരന്തരം ഭീഷണി നേരിട്ടിരുന്നുവെന്ന് യുവതിയുടെ സഹോദരനും പറഞ്ഞു.