ദേശീയം
ആരോഗ്യ നില തൃപ്തികരം: ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വീണ്ടും ആശുപത്രി വിട്ടു
ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ആശുപത്രി വിട്ടു. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമെന്ന് ഗാംഗുലിയെ ചികിത്സിക്കുന്ന അപ്പോളൊ ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞു. നെഞ്ചുവേദനയെ തുടർന്ന് രണ്ടാമത് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗാംഗുലിയെ വീണ്ടും ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു.
നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് സൗരവിനെ ജനുവരി 27നാണ് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. സാധാരണ ചെക്കപ്പിനാണ് വന്നതെന്നും അദ്ദേഹത്തിന്റെ ഇലക്ട്രോ കാർഡിയോഗ്രാം റിപ്പോർട്ടിൽ വ്യതിയാനങ്ങൾ ഉള്ളതിനാൽ നിരീക്ഷിക്കുകയുമെന്നാണ് ഡോക്ടർമാർ അറിയിച്ചത്. തുടർന്നാണ് ഗാംഗുലിയെ രണ്ടാമതും ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയത്.
ജനുവരി രണ്ടിനാണ് ഗാംഗുലിയെ ആദ്യം ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെയാണ് അദ്ദേഹത്തിന് അസ്വസ്ഥത അനുഭവപ്പെട്ടത്. ഹൃദ്രോഗ വിദഗ്ധർ ഉൾപ്പെടെയുള്ളവർ പരിശോധിച്ച ശേഷം ഗാംഗുലിയെ ആൻജിയോപ്ലാസ്റ്റിയ്ക്ക് വിധേയനാക്കിയിരുന്നു.
ഒരു മാസം കൊണ്ട് പൂർണ ആരോഗ്യവാനാകുമെന്നാണ് ഗാംഗുലിയെ ചികിത്സിച്ച വുഡ്‌ലാൻഡ്‌സ് ആശുപത്രി അധികൃതർ അന്ന് അറിയിച്ചത്. വീട്ടിൽ പൂർണ വിശ്രമത്തിൽ കഴിയണമെന്നും അധികൃതർ നിർദ്ദേശം നൽകിയിരുന്നു.