ദേശീയം
പെട്രോളിനും ഡീസലിനും വില കുറയും
രാജ്യത്ത് പ്രതിദിന ഇന്ധനവില കുതിച്ചുയരുന്നതിനിടെ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കേന്ദ്രസര്‍ക്കാര്‍ കുറച്ചു. ഇന്ന് അര്‍ധരാത്രി മുതല്‍ പെട്രോളിന് അഞ്ച് രൂപയും ഡീസലിന് പത്ത് രൂപയും കുറയും. ഇന്ധനവില വര്‍ധനവില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് വില കുറയ്ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം.
വാറ്റ് നികുതി കുറയ്ക്കാൻ സംസ്ഥാനങ്ങളോടും കേന്ദ്രം ആവശ്യപ്പെട്ടു. ഇന്ധന വിലയിൽ ഈ വർഷത്തെ റെക്കോർഡ് വർധനവിനു ശേഷമാണ് ഇപ്പോൾ വില കുറയുന്നത്. ഒക്ടോബറിൽ പെട്രോൾ ലീറ്ററിന് 7.82 രൂപയും ഡീസൽ 8.71 രൂപയുമാണ് കൂടിയത്. ഇതിനു മുൻപ് ഏറ്റവും കൂടുതൽ വില വർധിച്ചത് ഫെബ്രുവരിയിലാണ്.
പെട്രോളിന് 4.87 രൂപയും ഡീസലിന് 5.24 രൂപയും. ഇതിനിടെ ഇന്ധനവില കുറഞ്ഞത് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ഏപ്രിൽ മാസത്തിലും പിന്നീട് സെപ്റ്റംബറിലും.
സെപ്റ്റംബറിൽ ഡീസലിന് 1.11 രൂപ കുറഞ്ഞതാണ് നിരക്കിലുണ്ടായ ഏറ്റവും വലിയ കുറവ്.
ഒരിടവേളയ്ക്കു ശേഷം സെപ്റ്റംബർ 24 മുതലാണ് ഇന്ധന വില കൂടാൻ തുടങ്ങിയത്. ഈ വർഷം ഇതുവരെയുള്ള വില വർധന പെട്രോളിന് 31% ഡീസലിന് 33% ആണ്. കഴിഞ്ഞ 10 മാസത്തിനിടെ പെട്രോളിന് 26.06 രൂപയും ഡീസലിന് 25.91 രൂപയുമാണ് വർധിച്ചത്.