ദേശീയം
രാജ്യത്തെ ആറ് സംസ്ഥാനങ്ങൾ കൂടി 5ജി സേവനത്തിലേക്ക്, തുടക്കമിട്ട് ജിയോ
രാജ്യത്തെ ആറ് സംസ്ഥാനങ്ങളിൽ കൂടി 5ജി സേവനങ്ങൾ ആരംഭിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് റിലയൻസ് ജിയോ ആണ് 5ജി സേവനങ്ങൾ കൊണ്ടുവരുന്നത്. അരുണാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളാണ് 5ജിയിലേക്ക് ചുവടുവയ്ക്കുന്നത്.
ഷില്ലോങ്, ഇംഫാൽ, ഐസ്വാൾ, അഗർത്തല, ഇറ്റാനഗർ, കൊഹിമ, ദിമാപൂർ എന്നീ ഏഴ് നഗരങ്ങളെ അതിന്റെ ട്രൂ 5ജി നെറ്റ്വർക്കുമായി ബന്ധിപ്പിച്ചാണ് സേവനങ്ങൾ ആരംഭിക്കുന്നത്. 2023 ഡിസംബറോടെ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ എല്ലാ നഗരങ്ങളിലും താലൂക്കുകളിലും ജിയോ ട്രൂ 5ജി സേവനങ്ങൾ ലഭ്യമാക്കുമെന്നും ജിയോ അറിയിച്ചു.
ജിയോ വെൽക്കം ഓഫറിലേക്ക് ക്ഷണിച്ചിട്ടുമുണ്ട്. അതിലൂടെ അവർക്ക് 1 ജിബിപിഎസ് വേഗതയിൽ പരിധിയില്ലാത്ത ഡാറ്റ ലഭിക്കും. അധിക ചിലവുകളൊന്നുമില്ലാതെയാണ് ഇവ ലഭിക്കുന്നത്. ജിയോ കമ്മ്യൂണിറ്റി ക്ലിനിക് മെഡിക്കൽ കിറ്റ്, ഓഗ്മെന്റഡ് റിയാലിറ്റി-വെർച്വൽ റിയാലിറ്റി (എആർ-വിആർ) അധിഷ്ഠിത ഹെൽത്ത് കെയർ സൊല്യൂഷനുകൾ തുടങ്ങിയ വിപ്ലവകരമായ സൊല്യൂഷനുകൾ ഇന്ത്യയിലെ നഗരപ്രദേശങ്ങളിൽ ഗുണമേന്മയുള്ള ഹെൽത്ത് കെയർ മെച്ചപ്പെടുത്താനും വിദൂര പ്രദേശങ്ങളിലേക്ക് ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങൾ വ്യാപിപ്പിക്കാനും സഹായിക്കുമെന്നും കമ്പനി പ്രസ്താവനയിൽ പറഞ്ഞു.