ദേശീയം
സേനയില്‍ നിന്ന് വിരമിച്ച ഡോക്ടര്‍മാരുടെ സേവനം കൂടി ലഭ്യമാക്കും
കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സേനയില്‍ നിന്ന് വിരമിച്ച ഡോക്ടര്‍മാരുടെ സേവനം കൂടി ലഭ്യമാക്കാന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം. 400 വിരമിച്ച ഡോക്ടര്‍മാരെയാണ് താൽക്കാലികമായി കൊവിഡ് ഡ്യൂട്ടിക്ക് വേണ്ടി നിയമിക്കുന്നത്. ഇതുസംബന്ധിച്ച പ്രതിരോധ മന്ത്രാലയം സേനയുടെ മെഡിക്കല്‍ സര്‍വീസ് ഡയറക്ടര്‍ ജനറലിന് ഉത്തരവ് നല്‍കിതയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
2017നും 2021നും ഇടയില്‍ വിരമിച്ച ഡോക്ടര്‍മാരെയാണ് തിരികെ വിളിക്കുന്നത്. 11 മാസത്തേക്ക് കോണ്‍ട്രാക്ട് സ്റ്റാഫുകളായാണ് നിയമിക്കുന്നത്. സൈന്യത്തിന്റെ നേതൃത്വത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊവിഡ് ആശുപത്രികള്‍ ആരംഭിക്കുകയും മറ്റു ആശുപത്രികള്‍ക്ക് വേണ്ടിയുള്ള സൗകര്യങ്ങളും നല്‍കിവരുന്നുണ്ട്.
എ.എഫ്.എം.എസ് ഇതിനകം വിവിധ ആശുപത്രികളിൽ അധികമായി ഡോക്ടർമാരെ വിന്യസിച്ചിട്ടുണ്ട്. ഷോർട്ട് സർവീസസ് കമ്മീഷൻഡ് ഡോക്ടർമാരുടെ കാലാവധി 2021 ഡിസംബർ 31 വരെ ദീർഘിപ്പിച്ചു. ഇത് ഡോക്ടർമാരുടെ ആകെ സംഖ്യ 238 ആയി വർദ്ധിപ്പിച്ചു. എ.എഫ്.എം.എസിൽ നിന്ന് അടുത്തിടെ വിരമിച്ച മെഡിക്കൽ പ്രൊഫഷണലുകളെയും വീണ്ടും നിയമിച്ചു.
കൂടാതെ, രാജ്യത്തെ എല്ലാ പൗരന്മാർക്കും ഇ-സഞ്ജീവനി ഒപിഡി വഴി ഓൺലൈനായി സൗജന്യ കൺസൾട്ടേഷൻ നൽകുന്നതിന് മുൻ പ്രതിരോധ ഡോക്ടർമാരെ നിയോഗിച്ചിട്ടുണ്ട്. https://esanjeevaniopd.in/ എന്ന വെബ്‌സൈറ്റിൽ ഈ സേവനം ലഭിക്കും.
മുൻ സൈനികരെയും അവരുടെ ആശ്രിതരെയും പരിചരിക്കുന്നതിനായി 51 എക്സ്-സർവീസ്മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീം (ഇസിഎച്ച്എസ്) പോളിക്ലിനിക്കുകളിൽ (അധിക കോവിഡ് രോഗികൾ ഉള്ള ക്ലിനിക്കുകളിൽ) രാത്രി ഡ്യൂട്ടിക്ക് മൂന്ന് മാസത്തേക്ക് അധിക കരാർ ജീവനക്കാരെ താൽക്കാലികമായി നിയമിച്ചിട്ടുണ്ട്.