ദേശീയം
സെന്തില്‍ ബാലാജിയെ ഇ ഡി കസ്റ്റഡിയില്‍ വിടുന്നത് കര്‍ശന ഉപാധികളോടെ
കോഴക്കേസില്‍ തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയില്‍ വിട്ടത് കര്‍ശന ഉപാധികളോടെ. ഭക്ഷണം, മരുന്ന് എന്നിവ കൃത്യമായി നല്‍കണമെന്നും മൂന്നാം മുറ ഉപയോഗിക്കരുതെന്നും ഉത്തരവിലുണ്ട്. സെന്തില്‍ ബാലാജിയെ ബന്ധുക്കള്‍ക്ക് കാണാന്‍ അവസരം ഒരുക്കണമെന്നും ചെന്നൈ പ്രിന്‍സിപ്പല്‍സ് സെഷന്‍ കോടതി നിര്‍ദേശിച്ചു.
കസ്റ്റഡിയിലെടുക്കാനുള്ള ഉത്തരവ് ആശുപത്രിയിലെത്തി ഇ ഡി ഉദ്യോഗസ്ഥര്‍ സെന്തിലിന് കൈമാറുകയും അദ്ദേഹം അതില്‍ ഒപ്പ് വയ്ക്കുകയുമായിരുന്നു. ഡോക്ടര്‍മാരുടെ പരിശോധന സമയത്ത് സെന്തിലിനെ ചോദ്യം ചെയ്യരുതെന്നും കോടതി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാനസികമായോ ശാരീരികമായോ സെന്തില്‍ ബാലാജിയ്ക്ക് യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടാക്കരുതെന്നും ഉദ്യോഗസ്ഥര്‍ക്ക് കോടതി നിര്‍ദേശം നല്‍കി.
ബൈപ്പാസ് ശസ്ത്രക്രിയക്കായി ചെന്നൈയിലെ കാവേരി ആശുപത്രിയിലാണ് സെന്തില്‍. എട്ട് ദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചത്. മൂന്ന് ദിവസം കഴിഞ്ഞാല്‍ ഓപ്പറേഷന്‍ നടത്താമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. അതിനാല്‍ ഇന്ന് തന്നെ ചോദ്യം ചെയ്യല്‍ ആരംഭിച്ചേക്കും. അതിനിടെ സെന്തില്‍ ബാലാജിയെ വകുപ്പില്ലാ മന്ത്രിയായി നിലനിര്‍ത്തിക്കൊണ്ട് സര്‍ക്കാര്‍ പ്രത്യേക ഉത്തരവിറക്കി. വകുപ്പില്ലാത്ത മന്ത്രിയായി സഭയില്‍ തുടരാന്‍ അനുവദിക്കില്ലെന്ന് ഗവര്‍ണര്‍ ആര്‍ എന്‍ രവി പറഞ്ഞതിന് പിന്നാലെയാണ് സര്‍ക്കാര്‍ ഉത്തരവ്. ഗവര്‍ണര്‍ക്കെതിരെയും ഇഡിയ്ക്കതിരെയും ശക്തമായ പ്രതിഷേധം തുടരാനാണ് ഡിഎംകെയുടെ തീരുമാനം.