ദേശീയം
സെന്തിൽ ബാലാജിയെ തമിഴ്നാട് ഗവർണർ പുറത്താക്കി; നിയമപരമായി നേരിടുമെന്ന് സ്റ്റാലിൻ
തമിഴ്നാട്ടിൽ നിര്‍ണായക നീക്കം. അഴിമതി കേസിൽ ഇഡി കസ്റ്റഡിയിലുള്ള മന്ത്രി സെന്തിൽ ബാലാജിയെ ഗവർണർ പുറത്താക്കി. മുഖ്യമന്ത്രിയുടെ ശുപാർശ ഇല്ലാതെയാണ് മന്ത്രിയെ ഗവർണർ ആർ. എൻ രവി പുറത്താക്കിയത്. വകുപ്പില്ലാ മന്ത്രിയായി ബാലാജി തുടരുന്നത് ഭരണഘടനാ സ്തംഭനത്തിന് വഴിവെക്കുമെന്ന് കാണിച്ചാണ് തമിഴ്നാട് ഗവർണറുടെ അസാധാരണ നടപടി.
കഴിഞ്ഞ ദിവസമാണ് റെയിഡിന് പിന്നാലെ സെന്തിൽ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തത്. ഇതോടെ, ഇദ്ദേഹം കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ മറ്റ് മന്ത്രിമാർക്ക് വീതിച്ച് നൽകി വകുപ്പില്ലാ മന്ത്രിയായി സ്റ്റാലിൻ നിലനിർത്തുകയായിരുന്നു. എന്നാൽ വകുപ്പില്ലാതെയാണെങ്കിലും സെന്തില്‍ ബാലാജിക്ക് തുടരാനാകില്ലെന്ന നിലപാടിലായിരുന്നു ഗവർണർ. ജുഡീഷ്യൽ കസ്റ്റഡിയിൽ ഉള്ളയാൾ മന്ത്രിയായി തുടരുന്നത് അധാർമ്മികമെന്നായിരുന്നു ഗവർണറുടെ പ്രതികരണം. പിന്നാലെയാണ് മുഖ്യമന്ത്രിയുടെ അനുമതിയില്ലാതെ മന്ത്രിയെ പുറത്താക്കിയുള്ള ഗവർണറുടെ അസാധാരണ നടപടി.
ബാലാജിയെ പുറത്താക്കിയത് ഗവർണറുടെ നടപരടിയെ നിയമപരമായി നേരിടുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ വ്യക്തമാക്കി. മന്ത്രിയെ പുറത്താക്കാൻ ഗവർണർക്ക് അധികാരമില്ല. മുഖ്യമന്ത്രിയുടെ ശുപാർശയിലാണ് മന്ത്രിമാരുടെ നിയമനവും ഒഴിവാക്കലുമെന്നിരിക്കെയാണ് ഗവർണറുടെ നടപടിയെന്നും നിയപരമായി നേരിടുമെന്നും സ്റ്റാലിൻ വ്യക്തമാക്കി.