ദേശീയം
മതേതരരാജ്യത്തെ മതാധിഷ്ഠിതമാക്കാന്‍ ഭരണകൂടം ശ്രമിക്കുന്നു -യെച്ചൂരി
സ്വാതന്ത്ര്യസമരഘട്ടത്തില്‍ത്തന്നെ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാന്‍ ശ്രമിച്ചവര്‍ ഇന്നും അതിന്റെ പരിശ്രമത്തിലാണെന്ന് സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മതസ്വാതന്ത്ര്യം നിലനിര്‍ത്തുകയും ഭരണകൂടം മതേതരമാകുകയുമെന്നതാണ് ഇന്ത്യയുടെ ഭരണഘടന വിഭാവനംചെയ്യുന്നത്.
എന്നാല്‍, ഭരണകൂടം രാജ്യത്തെ മതാധിഷ്ഠിതമാക്കാന്‍ ശ്രമിക്കുന്നുവെന്നതാണ് ഇന്നത്തെ അനുഭവം. അതിനാല്‍, പുതിയ സമരം വേണ്ടത് പഴയ ഇരുട്ടിലേക്ക് പോകാതിരിക്കാനുള്ളതാണെന്നും യെച്ചൂരി പറഞ്ഞു. സി.പി.എം. സംസ്ഥാനകമ്മിറ്റി സംഘടിപ്പിച്ച കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപവത്കരണത്തിന്റെ നൂറാം വാര്‍ഷികാഘോഷം ഓണ്‍ലൈനിലൂടെ ഉദ്ഘാടനംചെയ്യുകയായിരുന്നു യെച്ചൂരി.
സ്വാതന്ത്ര്യപ്രസ്ഥാനത്തിന് ദിശാബോധം നല്‍കുന്നതിനും സ്വാതന്ത്ര്യാനന്തര ഇന്ത്യയെ രൂപപ്പെടുത്തുന്നതിനും ഒട്ടേറെ ഇടപെടല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നടത്തിയിട്ടുണ്ട്. പൂര്‍ണ സ്വരാജ് എന്ന മുദ്രാവാക്യം ആദ്യമുയര്‍ത്തിയത് കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. കോണ്‍ഗ്രസ് അഹമ്മദാബാദ് കണ്‍വെന്‍ഷനിലായിരുന്നു ഇത്.
അന്തമാന്‍ ജയിലിലെ തടവുകാരില്‍ 80 പേര്‍ കമ്യൂണിസ്റ്റുകാരായിരുന്നു. സ്വാതന്ത്ര്യസമരത്തില്‍ ഒരുപങ്കുമില്ലാത്തത് ആര്‍.എസ്.എസിനാണ്. മുഹമ്മദലി ജിന്നയെക്കാള്‍ മൂന്നുവര്‍ഷം മുമ്പേ, ഇന്ത്യയെ ഹിന്ദു, മുസ്ലിം രാഷ്ട്രങ്ങളായി വിഭജിക്കണമെന്ന് ആവശ്യപ്പെട്ടത് സവര്‍ക്കറാണ്.ഒരുമതം മറ്റൊരു മതവിശ്വാസത്തിനുമേല്‍ കടന്നുകയറുന്നത് ഭരണഘടനയുടെ തകര്‍ച്ചയാണെന്ന് യെച്ചൂരി പറഞ്ഞു.