കേരളം
പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച കേസ് : രണ്ടാം പ്രതി റജീന ഒളിവിൽ
പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച കേസിലെ രണ്ടാം പ്രതി റജീന ഇപ്പോഴും ഒളിവിൽ. കരയ്ക്കാമണ്ഡപം സ്വദേശിയായ സ്ത്രീയാണ് പ്രസവത്തിനിടെ മരിച്ചത്.ഭർത്താവ് നയാസും അക്യുപങ്ചർ ചികിത്സ നടത്തിയ ഷിഹാബുദ്ദീനും ചേർന്ന് പ്രസവ ചികിത്സ നൽകാതെ വീട്ടമ്മയെ മരണത്തിലേക്ക് തള്ളി വിട്ടുവെന്നാണ് കേസ്. കാരയ്ക്കാമണ്ഡപത്തിലെ വീട്ടിലുണ്ടായിരുന്ന നയാസിൻ്റെ ആദ്യ ഭാര്യ റജീന ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നത് തടഞ്ഞുവെന്ന് പൊലീസ് പറയുന്നു.
ചോദ്യം ചെയ്യലിന് ശേഷം പൂന്തുറയിലെ സ്വന്തം വീട്ടിൽ നിന്നും റെജീന ഒളിവിൽ പോയി.പ്രതിയെ ഒളിവിൽ പാർപ്പിച്ച ചിലരെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അറസ്റ്റിയായ നയാസും, ഷിഹാബുദ്ദീനും റിമാൻഡിലാണ്. ആശുപത്രിയിൽ പോകാതെ വീട്ടിൽ പ്രസവം എടുക്കുന്നതിനിടെയാണ് പാലക്കാട് സ്വദേശിനി ഷമീന രക്തസ്രാവത്തെ തുടർന്നു മരിച്ചത്.
ആശുപത്രിയിൽ ചികിത്സ തേടാൻ ആശാ വർക്കർമാർ ഉൾപ്പെടെ നിർദ്ദേശിച്ചിട്ടും കുടുംബം സമ്മതിച്ചിരുന്നില്ല. പൂന്തുറ സ്വദേശി നിയാസിന്റെ രണ്ടാം ഭാര്യയാണ് ഷമീന. മൂന്ന് മക്കൾ ഉണ്ട്. നാലാമത്തെ പ്രസവത്തിനിടെയാണ് മരണം. ആദ്യ ഭാര്യയും മൂത്ത മകളുമാണ് പ്രസവം എടുക്കാൻ ശ്രമിച്ചതെന്ന് കണ്ടെത്തിയിരുന്നു. നേമം പൊലീസാണ് കേസ് എടുത്ത് അന്വേഷണം നടത്തുന്നത്.