ദേശീയം
സ്കൂൾ കുട്ടികൾക്ക് ആശ്വാസമായി സ്കൂൾ ബാഗ് പോളിസി
കുട്ടികൾക്ക് ആശ്വാസമായി സ്കൂൾ ബാഗ് പോളിസി 2020. ബാഗിന്റെ ഭാരവും ഹോം വർക്ക് സമയവുമെല്ലാം നിജപ്പെടുത്തിയാണ് കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ സ്കൂൾ ബാഗ് പോളിസിയുടെ നിർദ്ദേശങ്ങൾ. കുട്ടികൾ അമിതഭാരമുള്ള ബാഗുകളുമായി സ്കൂളിൽ പോകുന്നത് ശാരീരികമായി ബാധിക്കുന്നു എന്ന നിരീക്ഷണത്തെ തുടർന്നാണ് പുതിയ നിർദ്ദേശം.
Read also: സംസ്ഥാനത്തെ സി.ബി.എസ്.ഇ സ്കൂളുകളിലെ ഫീസിനു കര്ശന നിയന്ത്രണം
പോളിസി അനുസരിച്ച് ഒരു വിദ്യാർത്ഥിയുടെ ഭാരത്തിന്റെ പത്ത് ശതമാനത്തിൽ കൂടുതൽ ബാഗിന് ഭാരമുണ്ടാകാൻ പാടില്ല. ഇരു തോളുകളിലും കൃത്യമായി തൂക്കിയിടാൻ കഴിയുന്ന തരത്തിൽ ഭാരം കുറഞ്ഞ ബാഗുകൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. ചക്രങ്ങൾ ഘടിപ്പിച്ച ബാഗുകൾ ഉപയോഗിക്കാൻ പാടില്ല. ബാഗിന്റെ ഭാരം കൃത്യമായ ഇടവേളകളിൽ പരിശോധിക്കണമെന്നും പോളിസി നിർദ്ദേശിക്കുന്നു.
കുട്ടികളുടെ പുസ്തകങ്ങളിലും ബുക്കുകളിലും അതിന്റെ ഭാരം രേഖപ്പെടുത്തണം. ആവശ്യമെങ്കിൽ രണ്ട് സെറ്റ് പുസ്തകങ്ങൾ നൽകി ഒരു സെറ്റ് സ്കൂളിൽ ലോക്കറിൽ വയ്ക്കാനുള്ള സംവിധാനമുണ്ടാക്കണമെന്നും നിർദ്ദേശമുണ്ട്. എല്ലാവർക്കും പോഷകസമൃദ്ധമായ ഉച്ചഭക്ഷണവും ആവശ്യത്തിന് ശുദ്ധജലവും സ്കൂളിൽ തന്നെ നൽകാൻ സംവിധാനമുണ്ടാക്കണമെന്നും പോളിസിയിൽ പറയുന്നു. ആഹാരത്തിന്റെ ഭാരം സ്കൂൾ ബാഗുകളിൽ നിന്ന് ഒഴിവാകാൻ വേണ്ടിയാണിത്.
ഹോം വർക്കിന്റെ സമയത്തിലും കാര്യമായ മാറ്റം നിർദ്ദേശിക്കുന്നുണ്ട്. രണ്ടാം ക്ലാസുവരെ ഹോം വർക്ക് പാടില്ല. മൂന്നു മുതൽ അഞ്ചാം ക്ലാസ് വരെ ആഴ്ച്ചയിൽ രണ്ട് മണിക്കൂറിൽ കൂടുതൽ ഹോം വർക്ക് പാടില്ല. ആറാം ക്ലാസ് മുതൽ എട്ടാം ക്ലാസുവരെ ദിവസവും ഒരു മണിക്കൂറിൽ കൂടുതൽ ഹോം വർക്കുണ്ടാകരുത്. അതിനു മുകളിലുള്ള ക്ലാസുകളിൽ ദിവസം രണ്ട് മണിക്കൂറാണ് ഹോംവർക്കിന്റെ സമയപരിധി.
നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷൻ റിസർച്ച് ആൻഡ് ട്രെയിനിംഗ് രാജ്യമെങ്ങും നടത്തിയ സർവേക്ക് ശേഷമാണ് പോളിസി രൂപീകരിച്ചത്.