കേരളം
സൗജന്യമായി മൊബൈല്‍ ഫണ്ട് ട്രാന്‍സ്ഫര്‍ നടത്താം; എസ്എംഎസ് ചാര്‍ജ് ഒഴിവാക്കിയതായി എസ്ബിഐ
മൊബൈല്‍ ഫണ്ട് ട്രാന്‍സ്ഫറിന് വരുന്ന എസ്എംഎസ് ചാര്‍ജ് ഒഴിവാക്കിയെന്ന് പ്രമുഖ പൊതുമേഖല ബാങ്ക് എസ്ബിഐ. ഇതോടെ അധിക ചാര്‍ജ് ഇല്ലാതെ ഇടപാടുകാര്‍ക്ക് സുഗമമായി മൊബൈല്‍ ഫണ്ട് ട്രാന്‍സ്ഫര്‍ നടത്താമെന്നും എസ്ബിഐ അറിയിച്ചു.*99# എന്ന് ഡയല്‍ ചെയ്ത് സൗജന്യമായി ബാങ്കിങ് സേവനം പ്രയോജനപ്പെടുത്താന്‍ കഴിയുന്നതാണ് എസ്എംഎസ് സംവിധാനം. പ്രത്യേകിച്ച് ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കളെ ഉദ്ദേശിച്ചാണ് മൊബൈല്‍ ഫണ്ട് ട്രാന്‍സ്ഫറിന് വരുന്ന എസ്എംഎസ് ചാര്‍ജ് ഒഴിവാക്കിയതെന്നും എസ്ബിഐ ട്വീറ്റില്‍ വ്യക്തമാക്കുന്നു.
ഫണ്ട് ട്രാന്‍സ്ഫര്‍, അക്കൗണ്ട് ബാലന്‍സ്, മിനി സ്‌റ്റേറ്റ്‌മെന്റ്, യുപിഐ പിന്‍ മാറ്റല്‍ തുടങ്ങി വിവിധ സേവനങ്ങളാണ് എസ്എംഎസ് സംവിധാനം വഴി ലഭ്യമാക്കുന്നത്. ജിഎസ്എം സംവിധാനമുള്ള ഫീച്ചര്‍ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്കാണ് ഇത് കൂടുതലായി പ്രയോജനപ്പെടുന്നത്. എല്ലാ മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്കും എസ്എംഎസ് സേവനമായ യുഎസ്എസ്ഡി പ്രയോജനപ്പെടുത്താവുന്നതാണ്. അതിനാല്‍ എസ്എംഎസ് ചാര്‍ജ് ഒഴിവാക്കുന്നത് എസ്ബിഐയുടെ അക്കൗണ്ടുള്ള എല്ലാ മൊബൈല്‍ ഉപയോക്താക്കള്‍ക്കും പ്രയോജനപ്പെടുത്താവുന്നതാണെന്നും എസ്ബിഐ അറിയിച്ചു.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെയും ബാങ്കിങ് സേവനത്തിന്റെ ഭാഗമാക്കുന്നതിന്റെ ഭാഗമായാണ് എസ്എംഎസ് സേവനം എസ്ബിഐ ആരംഭിച്ചത്. രാജ്യത്ത് മൊത്തം മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളില്‍ 65ശതമാനത്തിലധികം ആളുകള്‍ ഫീച്ചര്‍ ഫോണുകളാണ് ഉപയോഗിക്കുന്നത്. അതില്‍ വലിയൊരു ശതമാനം ആളുകള്‍ക്ക് എസ്എംഎസ് ചാര്‍ജ് ഒഴിവാക്കുന്നത് പ്രയോജനം ചെയ്യുമെന്നും എസ്ബിഐ വ്യക്തമാക്കി.