ദേശീയം
കീവിന് സമീപം 64 കിലോമീറ്റര്‍ നീളത്തില്‍ സൈന്യത്തെ വിന്യസിച്ച് റഷ്യ; സാറ്റ്‌ലൈറ്റ് ചിത്രങ്ങള്‍ പുറത്ത്
യുക്രൈന്‍ തലസ്ഥാനമായ കീവിന്റെ വടക്കിന് സമീപം 64 കിലോമീറ്റര്‍ നീളത്തില്‍ സൈന്യത്തെ വിന്യസിച്ച് റഷ്യ. സാറ്റ്‌ലൈറ്റ് ചിത്രങ്ങളിലൂടെയാണ് റഷ്യന്‍ സൈന്യം 64 കിലോമീറ്റര്‍ നീളത്തില്‍ നഗരത്തെ വളയാനൊരുങ്ങി നില്‍ക്കുന്നത് പുറത്തുവന്നത്.
കഴിഞ്ഞ ദിവസത്തേക്കാള്‍ 27 കിലോമീറ്റര്‍ അധികമാണ് ഇന്ന് സൈന്യത്തെ വിന്യസിച്ചത്. അന്റനോവ് വിമാനത്താവളം മുതല്‍ പ്രിബിര്‍സ്‌ക് നഗരം വരെയാണ് സൈനിക വാഹന വ്യൂഹം എത്തിയത്. വാഹനവ്യൂഹം കടന്നുപോകുന്ന റോഡരികിലെ കെട്ടിടങ്ങളും മരങ്ങളും കത്തുന്നതും ചിത്രങ്ങളില്‍ നിന്ന് വ്യക്തമാണെന്ന് ചിത്രങ്ങള്‍ ശേഖരിച്ച മാക്‌സര്‍ ടെക്‌നോളജീസ് പറയുന്നു.
യുക്രൈന്‍ അതിര്‍ത്തിയില്‍ നിന്ന് 32 കിലോമീറ്ററില്‍ താഴെ വടക്ക് ബെലാറൂസിന്റെ തെക്കന്‍ ഭാഗത്ത് അധിക കരസേന വിന്യാസങ്ങളും ഹെലികോപ്റ്റര്‍ യൂണിറ്റുകളും കണ്ടതായും മാക്സര്‍ ടെക്നോളജീസ് പറഞ്ഞു. യുക്രൈന്‍ തലസ്ഥാനമായ കീവ് പിടിച്ചെടുക്കാന്‍ ആക്രമണം കനപ്പിച്ചിരിക്കുകയാണ് റഷ്യ. കീവ് വിടാന്‍ ജനങ്ങളോട് റഷ്യ ആവശ്യപ്പെട്ടിരുന്നു.
ഇന്നും കീവിന് നേരെ ആക്രമണം കടുപ്പിച്ചു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം യൂറോപ്യന്‍ രാജ്യത്തിന് നേരെയുള്ള ഏറ്റവും വലിയ ആക്രമണമാണ് യുക്രെയ്നിനെതിരെ നടക്കുന്നതെന്നാണ് വിലയിരുത്തല്‍. വ്യാഴാഴ്ച റഷ്യ ആക്രമണം ആരംഭിച്ചതു മുതല്‍ 350-ലധികം സിവിലിയന്മാര്‍ കൊല്ലപ്പെട്ടതായി യുക്രൈന്‍ പറഞ്ഞു. ഇന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥിയും കൊല്ലപ്പെട്ടിരുന്നു.