കേരളം
വന്ദനാ ദാസിന്റെ കൊലയാളിയെ പൊതുവിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു; കർശനമായ തുടർനടപടികളുണ്ടാകുമെന്ന് മന്ത്രി
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവ ഡോക്ടർ വന്ദനാ ദാസിനെ കൊലപ്പെടുത്തിയ പ്രതിയെ പൊതുവിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു. കൊലയാളിയായ പൂയപ്പള്ളി സ്വദേശി സന്ദീപ് (42) നെടുമ്പന യു പി സ്കൂൾ അദ്ധ്യാപകനാണ്.
വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ഫേസ്ബുക്കിലൂടെയാണ് സന്ദീപിനെ സസ്പെൻഡ് ചെയ്ത വിവരം അറിയിച്ചത്. വകുപ്പുതല അന്വേഷണം നടത്തിയാണ് നടപടി.കർശനമായ തുടർനടപടികൾ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. ഇന്ന് പുലർച്ചെയാണ് സന്ദീപ് ഹൗസ് സർജനായ വന്ദനാ ദാസിനെ കൊലപ്പെടുത്തിയത്.
തന്നെ ആക്രമിക്കുന്നെന്ന് പുലർച്ചെ സന്ദീപ് പൊലീസിനെ വിളിച്ചറിയിച്ചിരുന്നു. സ്വന്തം വീടിന് അരക്കിലോമീറ്റർ അകലെയുള്ള ഒരു വീടിന് മുന്നിലാണ് കാലിന് പരിക്കേറ്റ നിലയിൽ പൊലീസ് ഇയാളെ കണ്ടത്. തുടർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
നഴ്സിംഗ് അസിസ്റ്റന്റ് ജയന്തിയുടെ നേതൃത്വത്തിൽ മുറിവ് വൃത്തിയാക്കുന്നതിന്റെ ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതിനിടയിൽ ബന്ധുവിനെ കണ്ടതോടെ ഇയാൾ അക്രമാസക്തനാകുകയും വന്ദനയടക്കമുള്ളവരെ കത്രികയെടുത്ത് കുത്തുകയുമായിരുന്നു.