ദേശീയം
യുക്രൈനില്‍ നിന്ന് 729 ഇന്ത്യക്കാര്‍ കൂടി നാട്ടിലെത്തി; റഷ്യയ്‌ക്കെതിരെ കൂടുതല്‍ ഉപരോധം വേണമെന്ന് യുക്രൈന്‍
യുക്രൈനില്‍ റഷ്യ ആക്രമണം തുടരുന്നതിനിടെ, 729 ഇന്ത്യക്കാരെ കൂടി നാട്ടില്‍ തിരിച്ചെത്തിച്ചു. 547 പേരാണ് ഡല്‍ഹിയിലെത്തിയത്. ഇതില്‍ 183 പേര്‍ ഹംഗറി വഴിയും 154 പേര്‍ സ്ലൊവാക്യ വഴിയുമാണ് ഡല്‍ഹിയിലെത്തിയത്. ഡല്‍ഹിയിലെത്തിയ ബാക്കിയുള്ളവര്‍ വ്യോമസേന വിമാനത്തില്‍ റുമാനിയയില്‍ നിന്നാണ് വന്നത്. റുമാനിയയില്‍ നിന്ന് തന്നെ 182 പേര്‍ കൂടി മുംബൈയിലെത്തി.
അതിനിടെ, കൂടുതല്‍ പിന്തുണ തേടി യുക്രൈന്‍ പ്രസിഡന്റ് സെലെന്‍സ്‌കി അമേരിക്കന്‍ പ്രഡിഡന്റ് ജോ ബൈഡനെ ഫോണില്‍ വിളിച്ചു. സാമ്പത്തിക സഹായം തേടിയാണ് വിളിച്ചത്. കൂടാതെ റഷ്യയ്‌ക്കെതിരെ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുക്രൈനില്‍ വ്യോമ നിരോധിത മേഖല പ്രഖ്യാപിക്കാന്‍ രാജ്യങ്ങള്‍ മുതിര്‍ന്നാല്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് റഷ്യന്‍ പ്രസിഡന്റ് പുടിന്‍ മുന്നറിയിപ്പ് നല്‍കി.
അത്തരം രാജ്യങ്ങളെ സംഘര്‍ഷത്തിന്റെ ഭാഗമായതായി കണക്കാക്കുമെന്നും പുടിന്‍ വ്യക്തമാക്കി. അതിനിടെ റഷ്യയിലെ പൗരന്മാരോട് ഉടന്‍ തന്നെ രാജ്യം വിടാന്‍ കാനഡ ആവശ്യപ്പെട്ടു. നിലവിലുള്ള അനുകൂല സാഹചര്യം പ്രയോജനപ്പെടുത്തി റഷ്യ വിടണം. മുന്നറിയിപ്പില്ലാതെ സാഹചര്യം മാറാമെന്നും കരുതല്‍ വേണമെന്നും കാനഡ വ്യക്തമാക്കി.
അതിനിടെ, വിസയും മാസ്റ്റര്‍കാര്‍ഡും റഷ്യയില്‍ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചതായി അറിയിച്ചു. റഷ്യയിലെ പങ്കാളികളുമായി ചേര്‍ന്ന് ഇടപാടുകള്‍ ഉടന്‍ തന്നെ നിര്‍ത്തിവെയ്ക്കാനുള്ള നടപടി സ്വീകരിച്ചതായി വിസ അറിയിച്ചു.