ദേശീയം
വാഹനങ്ങളിലെ പിന്‍സീറ്റില്‍ ഇനി എല്ലാവര്‍ക്കും ബെല്‍റ്റ്, എയര്‍ ബാഗുകളുടെ എണ്ണം കൂട്ടും
വാഹനങ്ങളിലെ പിൻ സീറ്റ് യാത്രക്കാർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കുമെന്ന് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. പിന്നിലെ സീറ്റിൽ നടുവിലിരിക്കുന്നയാൾക്കും സാധാരണ സീറ്റ്ബെൽറ്റ് ഏർപ്പെടുത്തും വിധം മാറ്റങ്ങൾ വരുത്താൻ നിർമാതാക്കളോടു നിർദേശിച്ചിട്ടുണ്ട്.
വാഹനങ്ങളിലെ എയർ ബാഗുകളുടെ എണ്ണത്തിലും മാറ്റം കൊണ്ടുവരുമെന്ന് നിതിൻ ഗഡ്കരി വ്യക്തമാക്കി. 8 യാത്രക്കാർക്ക് വരെ സഞ്ചരിക്കാവുന്ന വാഹനങ്ങളിൽ 6 എയർ ബാഗുകൾ നിർബന്ധമാക്കും. വാഹനങ്ങളിലെ സുരക്ഷാ സൗകര്യങ്ങൾക്ക് അനുസരിച്ച് സ്റ്റാർ റേറ്റിങും നൽകും.
വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് പോകാതിരിക്കാൻ ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ സംവിധാനം ഏർപ്പെടുത്തും. മുൻപിൽ മറ്റ് വാഹനമോ കാൽ നടയാത്രക്കാരനോ ഉണ്ടെങ്കിൽ ഇടിക്കാതിരിക്കാൻ മുന്നറിയിപ്പു നൽകുകയും ഓട്ടമാറ്റിക്കായി ബ്രേക്ക് അമർത്തുകയും ചെയ്യുന്ന അഡ്വാൻസ്ഡ് എമർജൻസി ബ്രേക്കിങ് സംവിധാനം ഭാവിയിൽ നിർബന്ധമാക്കും.
ഡ്രൈവർ ഉറങ്ങിപ്പോവുന്നതു തടയാനുള്ള മുന്നറിയിപ്പു സംവിധാനം, ഡ്രൈവർക്കു കാണാൻ പറ്റാത്ത വിധം വശങ്ങളിലുള്ള വാഹനത്തെക്കുറിച്ചു മുന്നറിയിപ്പു നൽകുന്ന സംവിധാനം, എന്നിവയും ഏർപ്പെടുത്താൻ ശ്രമിക്കും. ഇലക്ട്രിക് വാഹനങ്ങളുടെ എൻജിന് ശബ്ദം നൽകുന്ന സംവിധാനം കൊണ്ടുവരാനും നിർദേശമുണ്ട്. കാൽനടക്കാർ, സൈക്കിൾ യാത്രികർ തുടങ്ങിയവർ കേൾക്കാനാണിത്.