കേരളം
മകരവിളക്കിനൊരുങ്ങി ശബരിമല; എരുമേലി പേട്ടതുള്ളൽ ഇന്ന്
ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന പ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ ഇന്ന്. രാവിലെ 10.30ന് അമ്പലപ്പുഴ സംഘവും ഉച്ചയ്ക്ക് ശേഷം ആലങ്ങാട് സംഘവും പേട്ടതുള്ളൽ നടത്തും. ആചാര അനുഷ്ഠാനങ്ങളോടെയാണ് അമ്പലപ്പുഴ, ആലങ്ങാട്ട് സംഘങ്ങൾ പേട്ടതുള്ളുന്നത്. ഇരുവിഭാഗങ്ങൾക്കും ഒരു ആനയെ വീതം എഴുന്നളിക്കാനാണ് അനുമതി.
രാവിലെ ആകാശത്ത് ശ്രീകൃഷ്ണപ്പരുന്ത് വട്ടമിട്ട് പറക്കുമ്പോഴാണു അമ്പലപ്പുഴ സംഘം പേട്ടതുള്ളൽ ആരംഭിക്കുന്നത്. അമ്പലപ്പുഴ സംഘത്തിൽ 200 പേർ പേട്ടതുള്ളും. ഒരുമണിക്ക് അമ്പലപ്പുഴ സംഘം ധർമ ശാസ്താ ക്ഷേത്രത്തിൽ പ്രവേശിക്കും.ഉച്ചകഴിഞ്ഞ് ആകാശത്തു വെള്ളിനക്ഷത്രം പ്രത്യക്ഷപ്പെടുമ്പോഴാണ് ആലങ്ങാട് സംഘത്തിന്റെ തുള്ളൽ നടക്കുക. 3 മണിക്ക് ആലങ്ങാട്ട് സംഘത്തിന്റെ പേട്ടതുള്ളൽ ആരംഭിക്കും.
250 പേരാണ് ആലങ്ങാട് സംഘത്തിലുളളത്. ആലങ്ങാട് സംഘത്തിന്റെ പേട്ടതുള്ളൽ 6.30ന് ക്ഷേത്രത്തിൽ പ്രവേശിക്കും. പേട്ടതുള്ളൽ പ്രമാണിച്ച് ഇന്ന് കാഞ്ഞിരപ്പള്ളി താലൂക്കിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കി. അതേസമയം മുൻ നിശ്ചയിച്ച പൊതുപരിപാടികൾക്കും പൊതുപരീക്ഷകൾക്കും അവധി ബാധകമല്ല എന്ന് ജില്ലാ കളക്ടർ അറിയിച്ചു.