ദേശീയം
യുക്രൈനിൽ സൈനിക പരിശീലന കേന്ദ്രത്തിന് നേരെ റഷ്യന്‍ ആക്രമണം; യുക്രൈനിലെ ഇന്ത്യന്‍ എംബസി പോളണ്ടിലേക്ക് മാറ്റി
റഷ്യന്‍ ആക്രമണം ശക്തമാക്കിയതിന് പിന്നാലെ യുക്രൈനിലെ ഇന്ത്യന്‍ എംബസി പോളണ്ടിലേക്ക് മാറ്റി. സുരക്ഷാ സാഹചര്യങ്ങള്‍ മോശമായതിനെ തുടര്‍ന്ന് താല്‍ക്കാലികമായാണ് നടപടിയെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. തലസ്ഥാനമായ കീവ് ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ റഷ്യന്‍ സേനയുടെ കനത്ത ആക്രമണം തുടരുകയാണ്.
‘യുക്രൈനിലെ പടിഞ്ഞാന്‍ ഭാഗങ്ങളിലും ആക്രമണം രൂക്ഷമായതിനാല്‍, സുരക്ഷാപ്രശ്‌നങ്ങള്‍ കണക്കിലെടുത്ത്, യുക്രൈനിലെ ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി പോളണ്ടിലേക്കു മാറ്റുകയാണ്. സാഹചര്യങ്ങള്‍ മാറുന്നതിന് അനുസരിച്ചു തീരുമാനം പുനപ്പരിശോധിക്കും’- കേന്ദ്ര സര്‍ക്കാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ ഉന്നതതലയോഗം ചേര്‍ന്നതിന് പിന്നാലെയാണ് ഇന്ത്യന്‍ എംബസി മാറ്റാനുള്ള തീരുമാനമെടുത്തത്. അതേസമയം, ലിവിവില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടതായി പ്രാദേശിക ഭരണകൂടം അറിയിച്ചു. 130ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ലിവിവിലെ സൈനിക പരിശീലന കേന്ദ്രം ലക്ഷ്യം വെച്ചായിരുന്നു റഷ്യയുടൈ ആക്രമണം. പോളണ്ട് അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശത്താണ് സൈനിക പരിശീലന കേന്ദ്രം സ്ഥിതി ചെയ്തിരുന്നത്. ഈ കേന്ദ്രത്തില്‍ യുക്രൈന്റെ ഉന്നത സൈനിക ഉദ്യോഗസ്ഥരും ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്