പ്രവാസി വാർത്തകൾ
സൗദിയില്‍ നമസ്‌കാര വേളയില്‍ ഉച്ചഭാഷിണി ഉപയോഗത്തിന് നിയന്ത്രണം
സൗദിയിൽ പള്ളികളിലെ ഉച്ചഭാഷിണി, ബാങ്ക് വിളിക്കുന്നതിനും ഇഖാമത്തിനും മാത്രമായി പരിമിതപ്പെടുത്താൻ നിർദ്ദേശം. നമസ്കാര വേളയിൽ പുറത്തേക്കുള്ള ഉച്ചഭാഷിണി ഉപയോഗിക്കാൻ പാടില്ല. ഉച്ചഭാഷിണി ഉപയോഗിക്കുമ്പോൾ ശബ്ദം കുറക്കണമെന്നും ഇസ്ലാമികകാര്യ മന്ത്രാലയം നിർദ്ദേശിച്ചു. പള്ളികളിലെ പുറത്തേക്കുള്ള ഉച്ചഭാഷിണികളുടെ ഉപയോഗം ബാങ്കിനും ഇഖാമത്തിനും മാത്രം പരിമിതപ്പെടുത്തണമെന്നാണ് ഇസ്ലാമിക കാര്യ മന്ത്രാലയത്തിന്‍റെ നിർദേശം.
ഇത് സംബന്ധിച്ച് പള്ളി ജീവനക്കാരെ വിവരമറിയിക്കാൻ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന മതകാര്യ ഓഫിസുകൾക്ക് മതകാര്യ വകുപ്പ് മന്ത്രി ഡോ. അബ്ദുൽ ലത്തീഫ് ആലുശൈഖ് നിർദേശം നൽകി. ശബ്ദം ഉപകരണത്തിന്‍റെ മൂന്നിലൊന്നിൽ കവിയരുതെന്നും, പുതിയ തീരുമാനം ലംഘിക്കുന്നവർക്കെതിരിൽ നിയമനടപടി സ്വീകരിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.
ചില പള്ളികളിൽ നമസ്കാര വേളയിൽ പുറത്തേക്കുള്ള ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നതായും, ഇത് പരിസരത്തെ വീടുകളിലും മറ്റ് താമസ കേ ന്ദ്രങ്ങളിലും കഴിയുന്ന പ്രായമായവർക്കും, കുട്ടികൾക്കും, രോഗികൾക്കും പ്രയാസമുണ്ടാക്കുന്നതായും ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇതിനെ തുടർന്നാണ് മന്ത്രാലയത്തിന്‍റെ പുതിയ തീരുമാനം.
പള്ളികളിലെ നമസ്കാര സമയത്തെ ഇമാമുമാരുടെ ശബ്ദം വീടുകളിൽ വെച്ച് നമസ്കരിക്കുന്നവർക്കു പ്രയാസമുണ്ടാക്കും. ഇമാമിന്‍റെ ശബ്ദം പള്ളിക്കുള്ളിൽ കേട്ടാൽ മതിയെന്നും, പരിസരത്തെ വീടുകളിലുള്ളവരെ കേൾപ്പിക്കൽ മതപരമായ ആവശ്യമല്ലെന്നും മതകാര്യവകുപ്പ് മന്ത്രിയുടെ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.