ദേശീയം
കര്‍ഷകര്‍ക്ക് ആശ്വാസമായി റബ്ബര്‍ കൃഷി സബ്‌സിഡി ഹെക്ടറിന് 40,000 രൂപയാക്കി ഉയര്‍ത്തി കേന്ദ്രം
റബ്ബര്‍ കൃഷി സബ്‌സിഡി ഹെക്ടറിന് 40,000 രൂപയാക്കി ഉയര്‍ത്താന്‍ കേന്ദ്ര വാണിജ്യ മന്ത്രാലയം തീരുമാനിച്ചു. റബ്ബര്‍ ബോര്‍ഡ് ഉടനെ ഇതിന് വിതരണാനുമതി നല്‍കും. നിലവില്‍ 25,000 രൂപയാണ് നല്‍കിവന്നിരുന്നത്. അടുത്ത സാമ്പത്തികവര്‍ഷം മുതല്‍ വര്‍ധിച്ച നിരക്കിലുള്ള തുക കര്‍ഷകര്‍ക്ക് ലഭിക്കും.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഉയര്‍ന്ന തുക സബ്‌സിഡിയായി നല്‍കുന്നതും കേരളത്തില്‍ അത് ലഭ്യമാവാത്തതും വന്‍ ആക്ഷേപത്തിന് ഇടയാക്കിയിരുന്നു. പുതുകൃഷിക്കും ആവര്‍ത്തന കൃഷിക്കും സബ്‌സിഡി ലഭിക്കും. റബ്ബര്‍ ബോര്‍ഡിന് അടുത്ത രണ്ടുവര്‍ഷത്തേക്കുള്ള പദ്ധതികള്‍ക്കെല്ലാം ഇതോടൊപ്പം കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി.
പ്ലാന്റേഷന്‍ സബ്‌സിഡിയും രണ്ടര വര്‍ഷമായി മുടങ്ങിയിരുന്ന സ്‌പെഷ്യല്‍ സ്‌കീമുകളും ഇനി മുടങ്ങില്ല. കഴിഞ്ഞവര്‍ഷത്തെ ബജറ്റിലെ വിഹിതമായ 268 കോടി, റബ്ബര്‍ ബോര്‍ഡിന് ഘട്ടംഘട്ടമായി ലഭിച്ചുവരുന്നുണ്ട്. ടാപ്പിങ് ഷെയ്ഡ്, കുമിള്‍നാശിനി, റെയിന്‍ ഗാര്‍ഡിങ്, മരുന്നുതളിക്കല്‍ തുടങ്ങിയവയ്ക്കായി റബ്ബര്‍ ഉത്പാദക സംഘങ്ങള്‍ (ആര്‍.പി.എസ്.) മുഖേന നല്‍കുന്നവയാണ് സ്‌പെഷ്യല്‍ സ്‌കീമുകള്‍. 4000-5000 രൂപയാണ് ഇതിന്‍പ്രകാരം നല്‍കിവന്നിരുന്നത്.
വര്‍ഷങ്ങളായി വിലക്കുറവ് മൂലം നട്ടംതിരിയുന്ന കര്‍ഷകര്‍ക്ക് പുതിയ തീരുമാനം ആശ്വാസകരമാണ്. ഇതുമൂലം കര്‍ഷകര്‍ റബ്ബര്‍ കൃഷി ഉപേക്ഷിക്കുന്നത് ഒരു പരിധിവരെ തടയാനുമാവും. തോട്ടങ്ങള്‍ വ്യാപകമായി വെട്ടിവെളുപ്പിക്കുന്നതിനും തരിശിടുന്നതിനും അതുമൂലമുണ്ടാകുന്ന പരിസ്ഥിതിനാശം ഒഴിവാക്കുന്നതിനും ഇത് സഹായിക്കും.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക