ദേശീയം
എൽപിജി സിലിണ്ടറുകൾ ഇഷ്ടമുള്ള വിതരണക്കാരിൽ നിന്നും റീഫിൽ ചെയ്യാം
എൽപിജി സിലിണ്ടറുകൾ ഇഷ്ടമുള്ള വിതരണക്കാരിൽ നിന്ന് റീഫിൽ ചെയ്യാനുള്ള പുതിയ പദ്ധതിയുമായി പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം. പദ്ധതി പ്രകാരം ഉപയോക്താക്കൾക്ക് ഏറ്റവുമടുത്തുള്ള വിതരണക്കാരിൽ നിന്നും സിലിണ്ടർ റീഫിൽ ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കുന്നത്.
എൽപിജി ഓയിൽ മാർക്കറ്റിംഗ് കമ്പനിയുടെ പട്ടികയിലുള്ള വിതരണക്കാരിൽ നിന്ന് ഉപയോക്താക്കൾക്ക് വിതരണക്കാരെ തെരഞ്ഞെടുക്കാനുള്ള സൗകര്യമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മൊബൈൽ ആപ്പിലൂടെയോ പോർട്ടലിലൂടെയോ സിലിണ്ടറിന് ആപേക്ഷിക്കുമ്പോൾ തന്നെ ഉപയോക്താക്കൾക്ക് വിതരണക്കാരുടെ പട്ടിക കാണാം. അതിൽ നിന്ന് ഏത് വിതരണ കമ്പനികളെ വേണമെങ്കിലും തെരഞ്ഞെടുക്കാൻ സാധിക്കുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
നിലവിൽ തെരഞ്ഞെടുത്ത ഡീലർഷിപ്പിൽ നിന്ന് മാത്രമാണ് എൽപിജി സിലിണ്ടർ ബുക്ക് ചെയ്യാൻ സാധിക്കുക. ഇത് സിലിണ്ടറുകളുടെ ലഭ്യത കുറവുള്ള വിദൂര പ്രദേശങ്ങളിൽ താമസിക്കുന്നവർ അടക്കമുള്ളവർക്ക് സിലിണ്ടറുകൾ വീണ്ടും നിറയ്ക്കുന്നതിൽ പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. ഇത് കണണക്കിലെടുത്താണ് പുതിയ പദ്ധതിയുമായി കേന്ദ്ര സർക്കാർ രംഗത്തെത്തിയിരിക്കുന്നത്.
ചണ്ഡിഗഡ്, കോയമ്പത്തൂർ, ഗുരുഗ്രാം, പുനെ, റാഞ്ചി എന്നീ നഗരങ്ങളിലായിരിക്കും പദ്ധതിയുടെ ആദ്യഘട്ടം ആരംഭിക്കുകയെന്നും മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.