ദേശീയം
മെയ് രണ്ടിനകം രാജ്യസഭാ തിരഞ്ഞെടുപ്പ് നടത്തണം; ഉത്തരവുമായി ഹൈക്കോടതി
സംസ്ഥാനത്തെ രാജ്യസഭാ തിരഞ്ഞെടുപ്പ് നീട്ടിവെക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ ഹൈക്കോടതി. മെയ് രണ്ടിനകം രാജ്യസഭാ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
നിലവില്‍ ഒഴിവു വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് മെയ് രണ്ടിനകം തിരഞ്ഞെടുപ്പ് നടത്താനാണ് ഹൈക്കോടതി ഉത്തരവ്.
സിപിഎമ്മും നിയമസഭ സെക്രട്ടറിയും നല്‍കിയ ഹര്‍ജികള്‍ അംഗീകരിച്ചു കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. നിലവിലുള്ള നിയമസഭാംഗങ്ങള്‍ക്കാണ് വോട്ടവകാശമെന്നും അവരാണ് മൂന്ന് രാജ്യസഭാംഗങ്ങളെ തിരഞ്ഞെടുക്കേണ്ടതെന്നുമാണ് ഹൈക്കോടതി വിധിച്ചത്.
നേരത്തെ ഏപ്രില്‍ 12നാണ് ഒഴിവു വരുന്ന രാജ്യസഭാ സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ വിജ്ഞാപനം പുറപ്പെടുവിക്കുന്ന ദിവസം തിരഞ്ഞെടുപ്പ് നീട്ടി വെക്കാനുള്ള തീരുമാനം തിരഞ്ഞെടുപ്പ് കമ്മീഷന്‍ എടുക്കുകയായിരുന്നു.ഇതിനെതിരെയാണ് സിപിഎമ്മും നിയമസഭ സെക്രട്ടറിയും ഹൈക്കോടതിയെ സമീപിച്ചതും അനുകൂല ഉത്തരവ് നേടിയതും.
ഏതു സാഹചര്യത്തിലാണ് രാജ്യസഭാ തിരഞ്ഞെടുപ്പു മാറ്റിവച്ചത് എന്ന കോടതിയുടെ ചോദ്യത്തിന് തിരഞ്ഞെടുപ്പു വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ലാത്തതിനാൽ തീയതി മാറ്റിയതായി കണക്കാക്കാനാവില്ലെന്നായിരുന്നു കമ്മിഷന്റെ വിശദീകരണം, മാധ്യമങ്ങൾക്കു നൽകിയ റിലീസ് മാത്രമാണ് പിൻവലിച്ചിട്ടുള്ളതെന്നും കോടതിയെ അറിയിച്ചിരുന്നു.
നിയമ മന്ത്രാലയത്തിന്റെ നിർദേശങ്ങൾ തിരഞ്ഞെടുപ്പു കമ്മിഷന്റെ തീരുമാനങ്ങളെ ബാധിക്കില്ലെന്നും കമ്മിഷൻ കോടതിയെ അറിയിച്ചിരുന്നു.സംസ്ഥാനത്തു നിന്നു മൂന്നു രാജ്യസഭാ സീറ്റുകളിലേക്കാണ് ഒഴിവു വരുന്നത്. രാജ്യസഭാംഗങ്ങളായ വയലാർ രവി, കെ.കെ. രാഗേഷ്, പി.വി. അബ്ദുൾ വഹാബ് എന്നിവരുടെ കാലാവധി ഏപ്രിൽ 21നു അവസാനിക്കാനിരിക്കെ വരുന്ന ഒഴിവുകളിലേക്ക് ഏപ്രിൽ 12ന് തിരഞ്ഞെടുപ്പു നടത്തുമെന്നായിരുന്നു പ്രസ് റിലീസ്.