കേരളം
കനത്ത മഴ : മീനച്ചിലാറ്റിലും മണിമലയാറ്റിലും ജലനിരപ്പ് ഉയരുന്നു
കോട്ടയത്ത് മഴ തുടരുകയാണ്. മീനച്ചിലാറ്റിലും മണിമലയാറ്റിലും ജലനിരപ്പ് ഉയരുന്നു. പലയിടത്തും ജലനിരപ്പ് അപകടനില കടന്നു. മീനച്ചിലാറിന്റെ കൈത്തോടുകള്‍ കര തൊട്ടൊഴുകുകയാണ്. ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ജില്ലയില്‍ ഒരു ദുരിതാശ്വാസ ക്യാമ്പ് തുറുന്നിട്ടുണ്ട്. മലയോര മേഖലയിലും മഴ ശക്തി പ്രാപിക്കുന്നുണ്ട്.
മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്. മലയോര മേഖലയില്‍ ജാഗ്രത തുടരണം.
മഴയ്ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാല്‍ പൊതു ജനങ്ങള്‍ ജാഗ്രത പാലിക്കണം.ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ കര്‍ണാടക തീരത്ത് മത്സ്യ ബന്ധനത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരും.