കേരളം
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു;സംസ്ഥാനത്ത് അഞ്ച് ദിവസം വ്യാപക മഴ
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളില്‍ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വടക്കന്‍ ഒഡിഷ – പശ്ചിമ ബംഗാള്‍ തീരത്തിനു സമീപം ന്യുനമര്‍ദം രൂപപ്പെട്ടു. മഹാരാഷ്ട്ര തീരം മുതല്‍ കേരള തീരം വരെ ന്യുനമര്‍ദപാത്തി നിലനില്‍ക്കുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഞായറാഴ്ച മുതല്‍ ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു. ഇന്ന് ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ എറണാകുളം, കണ്ണൂര്‍ ജില്ലകളിലും 27ന് ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. ചൊവ്വാഴ്ച ഇടുക്കിയില്‍ മഞ്ഞ അലേര്‍ട്ടാണെങ്കിലും ഓറഞ്ച് അലേര്‍ട്ടിന് സമാനമായ മഴ പ്രതീക്ഷിക്കാമെന്നും മുന്നറിയിപ്പുണ്ട്.
മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇന്ന് രാത്രി 11.30 വരെ 1.8 മുതല്‍ 2.7 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കന്‍ഡില്‍ 45cmനും 65cmനും ഇടയില്‍ മാറി വരുവാന്‍ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മല്‍സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്കി.