ദേശീയം
കൊവിഡ് വ്യാപനം ഉയരുന്നു ; സി.ബി.എസ്.ഇ പരീക്ഷ മാറ്റിവെയ്ക്കണമെന്നാവശ്യപ്പെട്ട് രാഹുലും പ്രിയങ്കയും
കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ സി.ബി.എസ്.ഇ പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേഷ് പൊഖ്രിയാലിന് പ്രിയങ്ക ഗാന്ധി കത്തയച്ചു.
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. ദിവസവും ഒരു ലക്ഷത്തോളം കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഈ സാഹചര്യത്തിൽ സി.ബി.എസ്.ഇ പരീക്ഷ നടത്തുന്നത് പ്രശ്‌നം ഗുരുതരമാക്കുമെന്ന് പ്രിയങ്ക പറയുന്നു. പരീക്ഷാ ഹാളിൽ തിരക്കിനിടയിൽ ഇരുന്ന് വേണം വിദ്യാർത്ഥികൾ പരീക്ഷ എഴുതാൻ. ലക്ഷകണക്കിന് വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കയിലാണെന്നും പ്രിയങ്ക ഗാന്ധി ചൂണ്ടിക്കാട്ടി.
കേന്ദ്രത്തിന് അയച്ച കത്ത് പ്രിയങ്ക ട്വിറ്ററിലൂടെ പങ്കുവെച്ചു. ഇതിന് പിന്നാലെ പ്രിയങ്കയ്ക്ക് പിന്തുണയുമായി രാഹുൽ ഗാന്ധിയും രംഗത്തെത്തി. പ്രിയങ്കയുടെ ട്വീറ്റ് പങ്കുവച്ച രാഹുൽ ചർച്ചയ്ക്ക് ശേഷം മാത്രമേ തീരുമാനമെടുക്കാൻ പാടുള്ളുവെന്നും ആവശ്യപ്പെട്ടു.
കൊവിഡ് വാക്സിൻ വിതരണത്തിൽ കേന്ദ്ര സർക്കാരിന് വീഴ്ച പറ്റിയെന്നാരോപിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി രംഗത്തെത്തിയിരുന്നു. വാക്സിൻ കയറ്റുമതി അനുവദിച്ച് കേന്ദ്ര സർക്കാർ രാജ്യത്ത് വാക്സിൻ ക്ഷാമമുണ്ടാക്കിയെന്നാണ് കോൺഗ്രസ് ഭരണത്തിലുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസിംഗിലൂടെ നടന്ന യോഗത്തിൽ സോണിയ പറഞ്ഞത്.