കേരളം
സിന്ധുമോള്‍ ജേക്കബിന് സീറ്റ് നൽകിയതിൽ പ്രതിഷേധം; പിറവത്ത് പ്രവര്‍ത്തകര്‍ ജോസ് കെ മാണിയുടെ കോലം കത്തിച്ചു
സിന്ധുമോള്‍ ജേക്കബിന് സീറ്റ് നല്‍കിയതില്‍ കേരള കോൺഗ്രസ്സിൽ പ്രതിഷേധം ശക്തമാകുന്നു. പിറവത്ത് ജോസ് കെ മാണിയുടെ കോലം പ്രവര്‍ത്തകര്‍ കത്തിച്ചു. സീറ്റ് നൽകിയതിന് പിന്നാലെ സിന്ധുമോള്‍ പ്രചാരണം നടത്തിയതിനെ തുടർന്നായിരുന്നു കോലം കത്തിച്ചത്. ജിൽസ് പെരിയപ്പുറത്തിനെ തഴഞ്ഞ് സിപിഎം ഉഴവൂര്‍ ബ്രാഞ്ച് കമ്മിറ്റിയംഗം സിന്ധുമോള്‍ ജേക്കബിന് പിറവത്ത് സീറ്റ് നല്‍കിയതിലാണ് പ്രതിഷേധം. യാക്കോബായ വിഭാഗത്തിന്റെ പിന്തുണയുള്ള സ്ഥാനാർത്ഥിയെ പിറവത്ത് രംഗത്തിറക്കാനായിരുന്നു ഇടതു മുന്നണിയുടെ നീക്കം. ജോസ് കെ മാണി വിഭാഗത്തോട് യാക്കോബായ സഭ നിർദേശിക്കുന്നയാളെ പിറവത്ത് മത്സരിപ്പിക്കണമെന്ന് സിപിഎം അറിയിച്ചിരുന്നു.
എന്നാല്‍ യാക്കോബായ സഭ ബിജെപി അനുകൂല നിലപാടിലേക്ക് മാറിയതോടെയാണ് പിറവത്ത് കാര്യങ്ങള്‍ മാറി മറിഞ്ഞത്. ജോസ് കെ മാണി വിഭാഗത്തിന് സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാമെന്ന സാഹചര്യം അതോടെ വന്നു. പിന്നാലെ യാക്കോബായ വിഭാഗത്തിൽ പെട്ട ഡോക്ടർ സിന്ധുമോൾ ജേക്കബിനെ സ്ഥാനാര്‍ത്ഥി ആക്കുകയായിരുന്നു. എന്നാല്‍ സിപിഎം- ജില്ലാ സംസ്ഥാന നേതൃത്വങ്ങള്‍ മാത്രമറിഞ്ഞ സിന്ധുമോളുടെ സ്ഥാനാര്‍ത്ഥിത്വം ഉഴവൂരിലെ സിപിഎം നേതാക്കളെ ചൊടിപ്പിച്ചു. രാവിലെ തന്നെ കമ്മിറ്റി കൂടി സിന്ധുമോളെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി, പോസ്റ്ററും ഒട്ടിച്ചു.
സിപിഎം അംഗമാണെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി സ്വതന്ത്രയായാണ് അവര്‍ മത്സരിച്ചിരുന്നത്. പാര്‍ട്ടിയോട് ചോദിക്കാതെയാണ് കേരള കോണ്‍ഗ്രസ് സിന്ധുവിനെ സ്ഥാനാർഥിയാക്കിയതെന്നാണ് സിപിഎമ്മിന്റെ ആരോപണം. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി. പിറവത്ത് മത്സരിക്കുന്നത് പാര്‍ട്ടിയോട് പറയാതെയെന്ന് ഉഴവൂര്‍ ലോക്കല്‍ കമ്മിറ്റി അറിയിച്ചു. ഇതേത്തുടര്‍ന്ന് ഇന്ന് രാവിലെ ബ്രാഞ്ച് കമ്മിറ്റി യോഗം ചേര്‍ന്ന് സിന്ധുവിനെ പുറത്താക്കാന്‍ ശുപാര്‍ശ ചെയ്യുകയും ലോക്കല്‍ കമ്മറ്റി ഇത് നടപ്പാക്കുകയുമായിരുന്നു.
സിന്ധുവിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ച് പിറവം നഗരസഭാ കൗണ്‍സിലര്‍ ജില്‍സ് പെരിയപുറം രാജിവച്ചിരുന്നു. കേരള കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു ജില്‍സിന്റെ രാജി. പണവും ജാതിയും നോക്കിയാണ് പാര്‍ട്ടി സ്ഥാനാർഥിയെ നിര്‍ണയിച്ചതെന്നും പിറവം സീറ്റ് ജോസ് കെ.മാണി വിറ്റുവെന്നുമായിരുന്നു ജില്‍സിന്റെ ആരോപണം.