ദേശീയം
വാഹനങ്ങളുടെ ആയുസ്സില്‍ തീരുമാനമായി; സ്വകാര്യവണ്ടികള്‍ 20 വര്‍ഷം, വാണിജ്യ വാഹനങ്ങള്‍ 15 വര്‍ഷം
വാഹനങ്ങള്‍ ഉപയോഗിക്കുന്നതിന് കാലപരിധി നിശ്ചയിക്കുന്ന ‘കണ്ടംചെയ്യല്‍ നയം’ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സ്വകാര്യ വാഹനങ്ങള്‍ക്ക് 20 വര്‍ഷവും വാണിജ്യ വാഹനങ്ങള്‍ക്ക് 15 വര്‍ഷവുമാണ് കാലാവധി. തുടര്‍ന്ന് ഇത്തരം വാഹനങ്ങള്‍ ഓട്ടോമേറ്റഡ് ഫിറ്റ്നസ് സെന്‍ററുകളില്‍ പരിശോധനക്ക് വിധേയമാക്കി പൊളിശാലകള്‍ക്ക് കൈമാറും.
ധനമന്ത്രി നിര്‍മല സീതാരാമന്‍ 2021-22 ബജറ്റ് പ്രഖ്യാപനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ഇതോടെ വാഹന വിപണിയില്‍ വന്‍ കുതിച്ചു ചാട്ടം ഉണ്ടാകുമെന്നാണ് വ്യവസായലോകം പ്രതീക്ഷിക്കുന്നത്. പഴയവാഹനങ്ങള്‍ കണ്ടം ചെയ്യുന്നതോടെ പുതിയ വാഹനങ്ങള്‍ക്ക് ആവശ്യകത വര്‍ധിക്കുകയും 43,000 കോടി രൂപയുടെ ബിസിനസ് അവസരം ലഭിക്കുകയും ചെയ്യുമെന്നാണ് നിഗമനം.
അതേസമയം, സാധാരണക്കാരായ വാഹന ഉടമകള്‍ക്ക് ഇത് വന്‍ സാമ്ബത്തിക ബാധ്യതയാണ് സൃഷ്ടിക്കുക. ആളുകള്‍ പുതിയവാഹനം വാങ്ങാന്‍ നിര്‍ബന്ധിതരാകുന്നതോടെ സെക്കന്‍ഡ് ഹാന്‍ഡ് വാഹന വിപണിയും തകര്‍ന്നടിയും.
പുതിയ നയം നടപ്പാക്കിയാല്‍ വായുമലിനീകരണവും പരിസ്ഥിതി ആഘാതവും കുറക്കാന്‍ കഴിയുമെന്നും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. ഇന്ധനക്ഷമതയുള്ളതും പരിസ്ഥിതി സൗഹൃദവുമായ വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിലൂടെ മലിനീകരണവും എണ്ണ ഇറക്കുമതിയും കുറക്കാന്‍ സഹായിക്കും.
ഇന്ത്യന്‍ വാഹന വ്യവസായലോകം ഏറെക്കാലമായി കാത്തിരുന്ന പദ്ധതിയാണിത്. കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള സര്‍ക്കാര്‍, പൊതുമേഖലാ വാഹനങ്ങള്‍ കണ്ടംചെയ്യാന്‍ കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയിരുന്നു.
പുതിയ നയം 2022 ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. വാഹന നിര്‍മാണ ഹബ്ബായി ഇന്ത്യ മാറുമെന്നും വില കുറയുമെന്നും ഗതാഗതമന്ത്രാലയം പ്രതീക്ഷ പ്രകടിപ്പിച്ചു.