ദേശീയം
മുതിർന്ന പൗരന്മാർക്ക് നിക്ഷേപത്തിന് 7.25 ശതമാനം പലിശ; ആകർഷകമായ പ്രഖ്യാപനവുമായി യെസ് ബാങ്ക്
പണപ്പെരുപ്പനിരക്ക് റെക്കോർഡ് ഉയരത്തിൽ നിൽക്കുന്ന പശ്ചാത്തലത്തിൽ വിലക്കയറ്റം നിയന്ത്രിക്കാൻ അടുത്തിടെ രണ്ടുതവണയായാണ് റിസർവ് ബാങ്ക് പലിശനിരക്ക് ഉയർത്തിയത്. ഇതിന്റെ ചുവടുപിടിച്ച് ഒട്ടുമിക്ക ബാങ്കുകളും വായ്പാനിരക്ക് ഉയർത്തി. സമാന്തരമായി നിക്ഷേപ പലിശനിരക്കും വർധിപ്പിക്കാൻ ബാങ്കുകൾ തീരുമാനിച്ചത് ഒരുപാട് പേർക്ക് ആശ്വാസമായി. ബാങ്കിലെ നിക്ഷേപത്തിന് ലഭിക്കുന്ന പലിശ കൊണ്ട് ജീവിക്കുന്ന മുതിർന്ന പൗരന്മാർക്കാണ് ഇത് ഏറ്റവുമധികം പ്രയോജനകരമായത്.
മുതിർന്ന പൗരന്മാരെ ലക്ഷ്യമിട്ട് സ്ഥിരം നിക്ഷേപത്തിന് ആകർഷകമായ പലിശനിരക്ക് പ്രഖ്യാപിച്ചിരിക്കുകയാണ് പ്രമുഖ സ്വകാര്യ ബാങ്കായ യെസ് ബാങ്ക്. മൂന്ന് വർഷം മുതൽ പത്തുവർഷം വരെ കാലാവധിയുള്ള സ്ഥിരം നിക്ഷേപം തെരഞ്ഞെടുക്കുന്നവർക്ക് 7.25 ശതമാനം പലിശ നൽകുമെന്ന പ്രഖ്യാപനമാണ് ഇതിൽ ഏറ്റവും ആകർഷണം നൽകുന്നത്.
18 മാസം മുതൽ മൂന്ന് വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് ഏഴു ശതമാനമാണ് പലിശനിരക്ക്. ഒരുവർഷം മുതൽ 18 മാസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 6.50 ശതമാനം പലിശയാണ് ബാങ്ക് നൽകുക. എന്നാൽ കുറഞ്ഞ നിക്ഷേപം പതിനായിരം രൂപ ആയിരിക്കണമെന്ന വ്യവസ്ഥയും ബാങ്ക് മുന്നോട്ടുവെയ്ക്കുന്നുണ്ട്.