ദേശീയം
പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ വ്യക്തികളുടെ സ്വകാര്യത ലംഘിച്ചോ എന്നതിൽ മറുപടി വേണമെന്ന് സുപ്രീംകോടതി
പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ പ്രത്യേക അന്വേഷണം വേണമെന്ന ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിന് മുന്നറിയിപ്പുമായി സുപ്രീംകോടതി. പെഗാസസ് ഉപയോഗിച്ചോ ഇല്ലയോ എന്ന് കോടതി ചോദിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തമായ മറുപടി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല.
രാജ്യസുരക്ഷയെക്കുറിച്ച് പറയേണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയങ്ങളില്‍ ഇടപെടുന്നില്ല. നിയമവിരുദ്ധമായ രീതിയില്‍ ഫോണ്‍ ചോര്‍ത്തല്‍ ഉണ്ടായോ എന്നു മാത്രമാണ് കോടതി പരിശോധിക്കുന്നത്.
വ്യക്തികളുടെ സ്വകാര്യത ലംഘിച്ചോ എന്നതില്‍ ഉത്തരം വേണമെന്നും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. പെഗാസസ് ഉപയോഗിച്ചോ എന്നത് സത്യവാങ്മൂലത്തിലൂടെ പറയാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.വിദഗ്ധര്‍ അടങ്ങിയ സമിതിയെക്കൊണ്ട് പരാതികള്‍ അന്വേഷിപ്പിക്കാമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. നിയമലംഘനം നടന്നുവെന്ന പരാതികള്‍ ഗൗരവത്തോടെ കാണുന്നു.
വിദഗ്ധ സമിതി ഇക്കാര്യം പരിശോധിക്കുമെന്നും തുഷാര്‍ മേത്ത പറഞ്ഞു. അപ്പോള്‍ വിദഗ്ധസമിതിയെക്കുറിച്ച് ആവര്‍ത്തിക്കേണ്ടെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. സത്യവാങ്മൂലം നല്‍കിയില്ലെങ്കില്‍ മറ്റ് കക്ഷികളുടെ വാദം കേട്ട് ഉത്തരവിറക്കുമെന്നും കോടതി വ്യക്തമാക്കി.