ദേശീയം
ബിപിൻ റാവത്തിന് രാജ്യത്തിന്റെ സല്യൂട്ട്; അന്ത്യാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി
കൂനൂരിൽ ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് അടക്കം 13 പേർക്കും അന്ത്യാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുലൂരിൽ നിന്ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഡൽഹി പാലം വിമാനത്താവളത്തിൽ മൃതദേഹങ്ങൾ എത്തിച്ചതിന് പിന്നാലെയാണ് അദ്ദേഹം അന്ത്യാഞ്ജലി നൽകിയത്.
വ്യോമതാവളത്തിലെ ടെക്നിക്കൽ ഏരിയയിലേക്ക് മൃതദേഹങ്ങൾ മാറ്റിയ ശേഷമാണ് അന്തിമോപചാര ചടങ്ങുകൾ ആരംഭിച്ചത്. 9.05ന് ആദരമർപ്പിക്കുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും പ്രധാനമന്ത്രി നേരത്തെ എത്തി അന്തിമോപചാരം അർപ്പിക്കുകയായിരുന്നു. പ്രതിരോധ മന്ത്രി രാജ്നാഥ് സിങും മരിച്ചവർക്ക് ആദരം അർപ്പിച്ചു.
13 മൃതദേഹങ്ങളിലും അന്തിമോപചാരം അർപ്പിച്ച ശേഷം പ്രധാനമന്ത്രി ബിപിൻ റാവത്തിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. ബിപിൻ റാവത്ത്, റാവത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയർ എൽ.എസ്. ലിഡ്ഡർ എന്നിവരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകും. മറ്റുള്ളവരുടെ മൃതദേഹങ്ങൾ പരിശോധനയ്ക്കായി സൈനിക ആശുപത്രിയിലേക്ക് മാറ്റും. തിരിച്ചറിയൽ പരിശോധന കഴിഞ്ഞതിന് ശേഷമായിരിക്കും മൃതദേഹങ്ങൾ വിട്ടു നൽകുക.
ജനറൽ ബിപിൻ റാവത്ത്, റാവത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയർ എൽഎസ് ലിഡ്ഡർ എന്നിവരുടെ സംസ്കാര ചടങ്ങുകൾ ഡൽഹി കന്റോൺമെന്റിലാണ് നടക്കുക. വെള്ളിയാഴ്ച രാവിലെ ജനറൽ ബിപിൻ റാവത്തിന്റെ വസതിയിൽ പൊതുദർശനത്തിന് വെച്ചതിന് ശേഷമായിരിക്കും സംസ്കാര ചടങ്ങ്. പ്രധാനമന്ത്രിയും സംസ്കാര ചടങ്ങിൽ പങ്കെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം.